സൗദാബിയും മകനും

സൗദാബിയും മകനും

  • കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് അണ്ണാക്കില്‍ കമ്പ് കൊണ്ട മുറിവുമായി
  • ശസ്ത്രക്രിയയ്ക്ക് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല
  • കുഞ്ഞ് മരിച്ച വിവരം മറച്ചുവച്ചെന്നും പരാതി

ആറുവര്‍ഷം കാത്തിരുന്നുകിട്ടിയ കുഞ്ഞ് നഷ്ടമായെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയും സൗദാബിക്കായിട്ടില്ല. മലപ്പുറം കൊണ്ടോട്ടിയില്‍ ചികില്‍സാപ്പിഴവിനെ തുടര്‍ന്നാണ് അരിമ്പ്ര സ്വദേശി നിസാറിന്‍റെയും സൗദാബിയുടെയും ഏക മകന്‍ മുഹമ്മദ് ഷാസില്‍ മരിച്ചത്. അണ്ണാക്കില്‍ കമ്പ് തട്ടിയുണ്ടായ മുറിവുമായെത്തിയ കുഞ്ഞിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മറ്റൊരു കുഴപ്പവും കുഞ്ഞിനുണ്ടായിരുന്നില്ലെന്നും രണ്ടുമാസത്തിനിടെ മറ്റസുഖങ്ങളൊന്നും വന്നിട്ടില്ലെന്നും സൗദാബി പറയുന്നു. ഉമ്മാ എന്ന് വിളിച്ച കുഞ്ഞിനോട് നീ പോയിട്ട് വാ, ഞാനിവിടെ നില്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് ഓപ്പറേഷന്‍ തിയറ്ററിലേക്ക് പോയതാണ് മകനെന്നും അവര്‍ നെഞ്ചുപൊട്ടി പറയുന്നു. 

 

'ആശുപത്രിയില്‍ തിയറ്ററില്‍ കയറ്റുന്നതിന് മുന്നേ 'ഇമ്മാ' ന്ന് വിളിച്ചു. അപ്പൊ ഞാന്‍ പറഞ്ഞു.. ഇപ്പോ കഴിയും, ജ്ജ് അവിടെ പോയി ങ്ങട് വാ... ഞാനിവിടെ നില്‍ക്കാം എന്നും പറഞ്ഞു. ചിരിച്ചോണ്ടാ എന്‍റെ കുട്ടി എന്‍റടുത്ത്ന്ന് പോയത്. ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല. ഒരു പനിയോ, ഒരു ജലദോഷമോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് മാസത്തിന്‍റിടയ്ക്ക് ഒരസുഖവും ഇല്ലാതിരുന്ന കുട്ടിയാണ്...'

മുഹമ്മദിന്‍റെ മരണത്തിലെ സത്യാവസ്ഥയറിയാന്‍ ഏതറ്റം വരെയും പോകുമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആശുപത്രിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മറ്റൊരുകുഞ്ഞിന്‍റെയും ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. അണ്ണാക്കില്‍ കമ്പ് തട്ടിയുണ്ടായ മുറിവല്ല മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അനസ്തീസിയ നല്‍കിയതിന് പിന്നാലെയാണ് മരണമുണ്ടായത്. ആമാശയത്തില്‍  ദഹിക്കാത്ത ഭക്ഷണം  ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. കുഞ്ഞ് മരിച്ച വിവരം പോലും ആശുപത്രി അധികൃതര്‍ മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

ENGLISH SUMMARY:

Four year old dies in Kondotty duw to medical negligence. His mother recollects incidence from hospital.