തൃശൂരിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റക്കുറ്റപണികൾക്കായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. രണ്ടു മാസത്തിനകം നവീകരണം പൂർത്തിയാക്കി പ്രതിമ പുനസ്ഥാപിക്കും. ജൂൺ ഒൻപതിനു പുലർച്ചെയായിരുന്നു ശക്തൻ തമ്പുരാന്റെ പ്രതിമ കെ.എസ്.ആർ.ടി.സി. ബസിടിച്ച് വീണത്. തൃശൂരിന്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു ഈ പ്രതിമ. തൃശൂർ നഗരത്തിന്റെ ശിൽപി കൂടിയായ ശക്തൻ തമ്പുരാന് പ്രണാമം അർപ്പിച്ചാണ് അന്ന് പ്രതിമ സ്ഥാപിച്ചത്.
എത്രയും വേഗം ഈ പ്രതിമ പുനസ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കുന്നുവിള മുരളിയായിരുന്നു ശിൽപി. തിരുവനന്തപുരമാണ് സ്വദേശം. അവിടുത്തെ വർക്്ഷോപ്പിൽ എത്തിച്ചാണ് വെങ്കല പ്രതിമയുടെ നവീകരണം. ഇരുപതു ലക്ഷം രൂപയാണ് ചെലവ്. പത്തു ലക്ഷം രൂപ കെ.എസ്.ആർ.ടി.സി. കണ്ടെത്തും. പത്തു ലക്ഷം രൂപ പി.ബാലചന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ചെലവഴിക്കും. പ്രതിമ അടിയന്തരമായി പുനസ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.