fever-ekm-spike
  • ജൂണ്‍ 1 മുതല്‍ 17 വരെ 9,553 ആളുകള്‍ ചികില്‍സ തേടി
  • ഡെങ്കി, എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചു
  • പടരുന്നത് മഴക്കാലജന്യ രോഗങ്ങള്‍

എറണാകുളം ജില്ലയില്‍ ആശങ്കാജനകമായ രീതിയില്‍ പനി പടരുന്നു. ഈ മാസം 9553 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. മഴക്കാലജന്യ രോഗങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു.

 

ജൂണ്‍ 1 മുതല്‍ 17 വരെ 9,553 ആളുകള്‍ പനി ബാധിച്ച് ചികില്‍സ തേടി. മെയ് മാസം പ്രതിദിനം  350 പേര്‍ക്കാണ് പനി ബാധിച്ചത്. അതില്‍ നിന്നാണ് നൂറിലധികം കേസുകള്‍ വര്‍ധിച്ചത്. ഇപ്പോള്‍  500 പേര്‍ക്ക് പനി സ്ഥിരീകരിക്കുന്നു. പതിനെട്ടാം തീയതി മാത്രം 742 പേരാണ് പനിയ്ക്ക് ചികില്‍സ തേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണത്തിലുമുണ്ട്, ആശങ്ക. പ്രതിദിനം പത്തിലധികം ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. ഇതിലിരട്ടിയാളുകള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഇതുവരെ 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചുമ, ഛര്‍ദ്ദി, വയറിളക്കം, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ചികില്‍സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായാലും പ്രത്യേക സാഹചര്യം നേരിടാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളടക്കം സജ്ജമാണെന്ന് ഡിഎംഒ അറിയിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലും തൃക്കാക്കര, കളമശേരി നഗരസഭകളിലുമാണ്. കളമശേരി നഗരസഭ സൂപ്രണ്ടിനടക്കം ആറു ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തിലും ആശങ്കയൊഴിയാറായിട്ടില്ല. മുവാറ്റുപുഴയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് കഴിഞ്ഞദിവസം എണ്‍പത്തിമൂന്നുകാരന്‍ മരിച്ചു. 

ENGLISH SUMMARY:

Spike in fever cases in Ernakulam district. Over nine thousand people identified with fever in June.