ക്രമാതീതമായ തിരക്ക് കാരണം ജൂലൈ ഒന്നു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. ഉദയാസ്തമയ പൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍, ഉച്ചയ്ക്ക് രണ്ടു വരെ വിഐപി സ്പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. വേനലവധി കഴിഞ്ഞാല്‍ മിഥുനം, കര്‍ക്കിടക മാസങ്ങളില്‍ തിരക്ക് കുറയാറുണ്ടെങ്കിലും ഇത്തവണ മിഥുനമായിട്ടും തിരക്കിന് കുറവ് വന്നിട്ടില്ല. അതിനാലാണ് സ്പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നുവരെ നിയന്ത്രണമുണ്ടാവുമെന്ന് തീരുമാനിച്ചിട്ടില്ല.
പൊതു അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ജൂലൈ 13 മുതല്‍ 16 വരെ ക്ഷേത്ര നട വൈകിട്ട് ഒരു മണിക്കൂര്‍ നേരത്തെ 3.30നു തുറക്കും. ചോറൂണു വഴിപാട് കഴിഞ്ഞിട്ടുള്ള കുട്ടികള്‍ക്കുള്ള സ്പഷ്യല്‍ ദര്‍ശനത്തിനും നെയ്വിളക്ക് വഴിപാടുകള്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രന്‍, കെ.പി.വിശ്വനാഥന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.