wayanad-tiger-02

വയനാട് കേണിച്ചിറയില്‍ വീണ്ടും രണ്ടു പശുക്കളെ കൂടി കടുവ കൊന്നു. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കെട്ടിയ പശുക്കളെയാണ് പുലർച്ചെ കടുവ കൊന്നത്. കടുവ രണ്ടു ദിവസത്തിനിടെ ആക്രമിച്ചത് 4 പശുക്കളെ.കടുവയെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി വനം വകുപ്പ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 കടുവയെ മയക്കുവെടിവച്ച് പിടികൂടും. പശുവിന്‍റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് തീരുമാനം.  ഇന്നുതന്നെ ഉത്തരവിറക്കുമെന്ന് ഡിഎഫ്ഒ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. രണ്ടു ദിവസത്തിനിടെ നാല് പശുക്കളെ കൊന്ന തോൽപ്പെട്ടി 17 എന്ന കടുവയെ ഉടൻ പിടികൂടണം എന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഒന്നര മണിക്കൂറോളം മാനന്തവാടി - ബത്തേരി സംസ്ഥാന പാത ഉപരോധിച്ചത്. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ കേണിച്ചിറയിലെ ബെന്നിയുടെ പശുവിനെയും വെച്ചായിരുന്നു ഉപരോധം. സൗത്ത് വയനാട് ഡി എഫ് ഒ ഇൻ ചാർജ് ആർ. രഞ്ജിത്ത് പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കടുവ കൊലപ്പെടുത്തിയ പശുക്കളുടെ ഉടമകൾക്ക് മുപ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം അഡ്വാൻസായി നൽകുമെന്നും കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉള്ള ഉത്തരവ് രണ്ടുമണിയോടെ പുറത്തിറക്കും എന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു

അതേ സമയം വയനാട്ടിൽ കടുവ വിലസുമ്പോഴും വനം വകുപ്പിൽ ഉദ്യോഗസ്ഥരില്ലെന്ന ആക്ഷേപവും ഉയർന്നു..

സൗത്ത് വയനാട് ഡിവിഷനിലും കേണിചിറ ഉൾപ്പെടുന്ന ചെതലയം റേഞ്ചിൽ പോലും ഉദ്യോഗസ്ഥർ ഇല്ലെന്ന് പരാതി. ആർ ആർ ടി സംഘവും വെറ്റിനറി ഡോക്ടർമാരടങ്ങുന്ന സംഘവും ഉടൻ സ്ഥലത്തെത്തും. കടുവ ജനവാസ മേഖലയോട് ചേർന്ന് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകാമെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ.

ENGLISH SUMMARY:

Tiger kills two cows in Wayanad Kenichira