ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിഷ്ണുവിന്‍റെ സംസ്കാരം നാളെ. പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ദേഹം ജന്മനാടായ പാലോട് കാലന്‍കാവിലേക്ക് കൊണ്ടുപോകും. സ്വന്തം വീടിന്‍റെ പാലുകാച്ചലിനായി ഒന്നര മാസം മുമ്പാണ് വിഷ്ണു നാട്ടില്‍ വന്ന് മടങ്ങിയത്. പുതിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുമ്പെയുള്ള വിഷ്ണുവിന്‍റെ മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് കോബ്ര 201ാം യൂണിറ്റിലെ ജവാന്‍ വിഷ്ണു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്. കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് ആണ്‍ മക്കളുടെ അഛന്‍. ശ്രീചിത്രയില്‍ നഴ്സാണ് ഭാര്യ നിഖില. അഛനും അമ്മയും ഒരു സഹോദരനുമുണ്ട്. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. പക്ഷെ, കൊതിതീരുവോളം അവിടെ താമസിക്കാനുള്ള ഭാഗ്യം വിഷ്ണുവിനുണ്ടായില്ല.
വിഷ്ണുവിന്‍റെ മരണം കാലന്‍കാവ് നിവാസികള്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. നാളെ പുലര്‍ച്ചെ ഒരു മണിക്ക് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ആദ്യം വിഷ്ണുവിന്‍റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം നാട്ടില്‍ പൊതുദര്‍ശനം. കുടുംബ വീട്ടില്‍ കൊണ്ടുവന്ന ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.