ഒരു പാലം എന്നത് ആലപ്പുഴ പെരുമ്പളം ദ്വീപുകരെ സംബന്ധിച്ച് ചെറിയൊരു കാര്യമല്ല. പാലം വരുന്നതിനു മുൻപെന്നും, വന്നതിനു ശേഷമെന്നും ദ്വീപുകാരുടെ ജീവിതത്തെ രണ്ടായി തരംതിരിക്കാം. തലമുറകൾ അനുഭവിച്ച യാതനകളെക്കുറിച്ച് പുറംലോകത്തോട് തുറന്നു പറയുമ്പോഴേക്കെയും കണ്ണുനിറയുന്നുണ്ട്, ഓരോ ദ്വീപുകാരന്റെയും
ബോട്ടിന്റെ സമയമനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയ ഒരു ജനത. രാവിലെ ഉണരാൻ അല്പം വൈകിയാൽ, നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് ഓർത്ത് ആ ദിവസം മുഴുവൻ വിലപിക്കേണ്ടിവരും. മഴയത്ത് നനഞ്ഞൊട്ടി, വെയിലിൽ ചുട്ടുപൊള്ളി സ്കൂളുകളിലേക്ക്, തൊഴിലിടങ്ങളിലേക്ക് പോയവരുടെ നീണ്ട നിര. കാരണമൊന്നുമില്ലാതിരുന്നിട്ടും, പുറംലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ടെന്ന് പഴയ തലമുറ.
പിറന്ന ആശുപത്രിയിൽ നിന്ന്, ദ്വീപിലെ വീട്ടിലേക്ക് എത്തുന്നതു മുതൽ തോണിയാത്രകൾ തുടങ്ങുകയായി. ഓരോ തവണ കായൽ മുറിച്ചു കടക്കുമ്പോഴും, ഒരു ഉശിരൻ പാലം പ്രാർത്ഥനയിൽ അങ്ങനെ തെളിഞ്ഞു കിടന്നു..
രക്ഷിക്കാമായിരുന്നിട്ടും കൂടി, ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാനാവാത്തതിനാൽ മരണത്തിന് കീഴടങ്ങേണ്ടി വന്നവർ, അവസാന തോണിയും പോയി കൂരയിൽ എത്താനാവാതെ കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്നവർ, കാറ്റിലും മഴയിലും തോണിയാത്ര ഭയന്ന് സ്കൂളിൽ പോകാത്തതിന് പനിയാണ് ടീച്ചറെ എന്ന് കള്ളം പറഞ്ഞവർ. നിങ്ങൾക്കുള്ള കാലത്തിന്റെ നീതിയാണ് ഈ പാലം.