ഒരു മാസികയ്ക്ക് ചെറിയ സഹായം ചെയ്തതിന് അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് പത്തനംതിട്ട പെരുനാട് സ്വദേശി വി.ജി.ഭാസി. തിരുവനന്തപുരത്തെ അജ്ഞാതകേന്ദ്രത്തില്‍ പൊലീസിന്‍റെ ഉരുട്ടല്‍ അടക്കം ക്രൂര മര്‍ദനമേറ്റു. അനുഭവിച്ചതിലും ക്രൂരമായ പീഡനമുറകള്‍ക്കും മരണങ്ങള്‍ക്കും വരെ സാക്ഷിയായി.
പെരുനാട്ടില്‍ സ്റ്റുഡിയോ നടത്തിയിരുന്ന വി.ജി.ഭാസി കോട്ടയത്തെ ബന്ധുക്കള്‍ നടത്തിയിരുന്ന കൊമ്രേഡ് മാഗസിനായി ചില ജോലികള്‍ ചെയ്തിരുന്നു. ഇതാണ് ഭാസി ജയിലിലാകാന്‍ കാരണം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മാഗസീന്‍ നിരോധിക്കുകയും നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1975 മാര്‍ച്ച് അഞ്ചിന് രാത്രി വി.ജി.ഭാസിയേയും സഹായിയായ യുവാവിനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ പൊലീസിന്‍റെ ക്രൂരമായ ഉരുട്ടിനും മര്‍ദനത്തിനും വിധേയനായി. സംശയങ്ങളില്‍ കാര്യമില്ലെന്ന് കണ്ടതോടെ ഭാസിക്ക് പിന്നെ മര്‍ദനമേറ്റില്ല. പക്ഷേ ക്രൂരമായ മര്‍ദനങ്ങള്‍ക്കും മരണത്തിനും സാക്ഷിയായി.
മുഖത്ത് അടിയേറ്റ് വെള്ളം കുടിക്കാനാവാതെ പഞ്ഞിമുക്കി വായിലേക്ക് കുടിവെള്ളം ഇറ്റിച്ച അനുഭവങ്ങള്‍ വരെയുണ്ട്. കൊല്ലത്തെ മാടക്കടയുടെ പിന്നില്‍ ഒളിച്ചിരിക്കുമ്പോള്‍ പിടികൂടി എന്നായിരുന്നു രേഖകള്‍. മര്‍ദനകേന്ദ്രത്തില്‍ നിന്ന് മാറ്റിയ ശേഷം മിസ തടവുകാരനായി ഒരു വര്‍ഷത്തിലധികം ജയിലില്‍. അക്കാലമാണ് വായന ശക്തിപ്പെട്ടത്. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെയാണ് ജയില്‍ മോചിതനായത്. നാട്ടിലെത്തിയപ്പോഴേക്കും പഴയ സ്റ്റുഡിയോ മറ്റാരുടേയോ ആയി. പിന്നീട് കൊച്ചിയില്‍ ഒരു സ്കൂളില്‍ ജോലി നോക്കി. അവിടെ വച്ചാണ് സുധാബായി ടീച്ചറെ പരിചയപ്പെട്ടതും ജീവിതത്തിലേക്ക് ക്ഷണിച്ചതും. വീണ്ടും തിരിച്ച് പെരുനാട്ടിലെത്തി പുതിയ സ്റ്റുഡിയോ തുറന്നു. ഇപ്പോള്‍ 76 വയസായി. പെരുനാട്ടിലെ ശുഭ സ്റ്റുഡിയോയും ചിത്രകലയുമായി ഇപ്പോഴും സജീവമാണ് വി.ജി.ഭാസി