വിലക്കയറ്റം തടയുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ. വിലക്കയറ്റം അറിയാത്തത് സർക്കാർ മാത്രമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം ജോൺ വിമർശിച്ചു. സപ്ലൈകോയുടെ അമ്പതാം വാർഷികത്തിൽ അതിൻറെ അന്തകരായി സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ന്യായീകരിച്ചു. 

പൊതുവിപണിയിലെ പച്ചക്കറിയുടെ വില വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടില്ല.ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ മറുപടി കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യമന്ത്രി രേഖാമൂലം നിയമസഭയിൽ നൽകിയതാണ് . ഇത് ഉയർത്തിയാണ് സംസ്ഥാനത്തെ അതിരൂക്ഷ വിലക്കയറ്റം സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്ന്  അടിയന്തര പ്രമേയ നോട്ടിസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക എങ്കിലും ഉച്ചഭക്ഷണത്തിന് വേണ്ടി ചെലവഴിച്ചുടെ നോട്ടിസ് നൽകിയ റോജി എം ജോൺ ചോദിച്ചു. 

വിലക്കേറ്റത്തിന്റെ വില്ലനായി കേന്ദ്രസർക്കാർ നയങ്ങളെ ഉയർത്തി കാണിച്ച ഭക്ഷ്യമന്ത്രി, സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിലെ ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു.ഭക്ഷ്യമന്ത്രിയുടെ പരോക്ഷ കുറ്റപ്പെടുത്തലോടെ വിഷയത്തിൽ മറുപടി പറയാൻ  ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർബന്ധിതനായി.കരാറുകാർ ഉൾപ്പടെ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയും ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെയും ജനങ്ങളുടെ വാങ്ങൽ ശേഷി കുറച്ച സർക്കാരിൻ്റെ വീഴ്ചകൾ അക്കമിട്ടു പ്രതിപക്ഷ നേതാവ്.

വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ സർക്കാർ തയ്യാറായില്ല. പ്രതിപക്ഷം വാക്കോട്ട് നടത്തി പ്രതിഷേധിച്ചു. ജനങ്ങളുടെ പ്രശ്നത്തിന് മാത്രം പരിഹാരമായില്ല.  വിലക്കയറ്റത്തിൽ ജനം ഇനിയും വലയും.

ENGLISH SUMMARY:

The opposition has said that the government has completely failed to curb the rise in prices