amoebic-fever
  • രോഗബാധയുണ്ടായത് പൊതുകുളത്തില്‍ നിന്നെന്ന് സംശയം
  • അമീബിക് മസ്തിഷ്ക ജ്വരംബാധിച്ച് സംസ്ഥാനത്ത് ഇതുവരെ രണ്ട് മരണം
  • രോഗബാധയുണ്ടാക്കുന്നത് 'നെഗ്ലേരിയ ഫൗലെറി'

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ കുട്ടി  ഗുരുതരാവഥയി‍ല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  ചികില്‍സയിലാണ്.  പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്ന് വിലയിരുത്തല്‍. 

 

കണ്ണൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നേരത്തെ മരിച്ചിരുന്നു. പഠനയാത്രയുടെ ഭാഗമായി മൂന്നാറിലേക്ക് പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാകാം രോഗബാധയ്ക്ക് കാരണമെന്നാണ്  നിഗമനം.  സംഭവം നടന്ന് മൂന്നരമാസത്തിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സാധാരണഗതിയില്‍ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങൾ കാണുകയും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും അമീബിക് മസ്തിഷ്ക ജ്വരത്തെ അപകടകാരിയാക്കുന്നത്.

പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപ്പെടുന്ന അത്യപൂർവമായ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. തലച്ചോറ് തിന്നുന്ന അമീബ എന്നറിയപ്പെടുന്ന നെഗ്ലേരിയ ഫൗലെറിയാണ് ഈ രോഗത്തിന് പിന്നില്‍. ആഴം കുറഞ്ഞ ഉഷ്ണശുദ്ധ ജലാശയങ്ങളില്‍ കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗലെറി. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ എന്നിവയിലൊക്കെ ഇവയുണ്ടാകും. അപൂര്‍വമായി വൃത്തി കുറഞ്ഞ നീന്തല്‍ക്കുളങ്ങളിലും കാണാറുണ്ട്. ഏക കോശ ജീവിയായ നെഗ്ലേരിയ ഫൗലെറിക്ക് പറ്റിപ്പിടിച്ച് വളരാന്‍ ഹോസ്റ്റിന്റെ ആവശ്യമില്ല. വെള്ളത്തിന് ചൂടുകൂടുന്ന സമയങ്ങളിലാണ് ഇവ സജീവമാകുന്നത്. 46 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ഇടങ്ങളില്‍ ഇവ നന്നായി വളരും. ഉപ്പുരസമുള്ളിടത്ത് നെഗ്ലേരിയ ഫൗലെറിക്ക് നിലനില്‍ക്കാനാവില്ല. വലിപ്പം തീരെയില്ലാത്തതിനാല്‍ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാകൂ.

ENGLISH SUMMARY:

Another Amoebic Meningoencephalitis case confirmed in Kozhikode. 12 year old under observation.