Image∙ Shutterstock - 1

TOPICS COVERED

കൊച്ചി ഡിഎല്‍എഫ് ഫ്ലാറ്റുകളിലെ വയറിളക്കബാധയില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി താമസക്കാരന്‍. ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. ആരോഗ്യപ്രശ്നം മൂലം ഒരാഴ്ച ചികില്‍സയില്‍ കഴിയേണ്ടിവന്ന രണ്ടുവയസ്സുകാരന്‍റെ മാതാപിതാക്കളാണ് പരാതിക്കാര്‍. 

 

ഫ്ലാറ്റിലെ താമസക്കാരനായ മെല്‍വിന്‍റെ രണ്ടുവയസുള്ള കുഞ്ഞിനും 74വയസുള്ള പിതാവിനുമാണ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായത്. രണ്ടുപേരും ഒരാഴ്ചയോളം ചികില്‍സയില്‍ക്കഴിഞ്ഞു. ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെളളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് മെയ് 29ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്നുമാണ് മെല്‍വിന്‍റെ പ്രധാന ആരോപണം. 

ഇതിനു പിന്നാലെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രസ്തുത റിപ്പോര്‍ട്ട് ഭാരവാഹികള്‍ മറച്ചുവെച്ചുവെന്നും രണ്ടാഴ്ച കഴിഞ്ഞാണ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ചതെന്നും പരാതിയില്‍ പറയുന്നു. ടാങ്കര്‍ വെളളം എത്തിക്കുന്നതിന്‍റെ ചെലവുചുരുക്കാന്‍, ജലസംഭരണികളില്‍ കാലങ്ങളായി സൂക്ഷിച്ചിരുന്ന വെള്ളം പമ്പ്ചെയ്തതാണോ എന്നതിലും അന്വേഷണം വേണം. അനാസ്ഥ വരുത്തിയ അസോസിയേഷന്‍ ഭാരവാഹികള്‍ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. പരാതി നല്‍കിയപ്പോള്‍ കേസെടുക്കാതെ ആദ്യം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് മെല്‍വിന്‍ ആരോപിച്ചു.

മെല്‍വിന്‍റെ കുട്ടിയ്ക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഹൃദ്രോഗിയായ പിതാവും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. നൂറിലധികം ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യവകുപ്പിനെയോ തൃക്കാക്കര നഗരസഭയെയോ അറിയിക്കാന്‍ തയ്യാറായില്ലെന്ന് താമസക്കാര്‍ ആരോപിച്ചിരുന്നു. 

ENGLISH SUMMARY:

Mass infection in Kochi DLF flats