Image∙ Shutterstock - 1

അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണ വിവാദത്തില്‍ എറണാകുളം ജില്ലാമെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കേസിൽ മനുഷ്യാവകാശ കമ്മിഷനും ആരോഗ്യ മന്ത്രിയും ഇടപെട്ട സാഹചര്യത്തിലാണ് നടപടി. സിനിമ ചിത്രീകരണം ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും രോഗിയുമായി വന്ന തന്റെ വാഹനം തടഞ്ഞുവെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഓട്ടോഡ്രൈവർ സിബീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

വ്യാഴാഴ്ച രാത്രി മുതൽ പുലർച്ചെ വരെ താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സിനിമാ പ്രവർത്തകർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചിത്രീകരണം നടത്തിയത് രോഗികളെയും ഡോക്ടർമാരേയും ഒരു പോലെ പ്രയാസത്തിലാക്കിയെന്നതിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

പരിമിതമായ സ്ഥലത്ത് അമ്പതിലേറെ സിനിമ പ്രവർത്തകർ ലൈറ്റും, ക്യാമറയും മറ്റ് ഉപകരണങ്ങളും വച്ച് ചിത്രീകരണം നടത്തിയത്‌ വിവാദമായതിന് പിന്നാലെയായിരുന്നു നടപടി.  ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് അനുമതി നൽകിയെന്നത് വ്യക്തമായതോടെ ആരോഗ്യ മന്ത്രി വിശദീകരണം തേടിയിരുന്നു.. ഇതിന്റെ തുടർച്ചയായാണ് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതും. ഇതിനിടെയാണ് വിഷയം സമൂഹമാധ്യമത്തിൽ എത്തിച്ച അങ്കമാലിയിലെ ഓട്ടോഡ്രൈവർ സിബീഷ് സിനിമ പ്രവർത്തകർക്കെതിരെ ആരോപണം ആവർത്തിച്ചതും.

നേരത്തെ ഷൂട്ടിങിന് അനുമതി വാങ്ങിയതിൽ പിഴവില്ലെന്ന് വിശദീകരിച്ച്  നിർമാതാക്കളുടെ സംഘടന സിനിമ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

Fahadhs film shoot in angamaly taluk hospital;District Medical Officer gave a report