അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും, ഈ രംഗത്തെ ചൂഷണങ്ങള്‍ക്കും അറുതി വരുത്തുന്നതായിരിക്കും കോഴിക്കോട് ഉയരാന്‍ പോകുന്ന അവയവദാന ഇസ്റ്റിറ്റ്യൂട്ട്. ചേവായൂരില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍  558 കോടി രൂപ ചെലവില്‍ അത്യാധുനിക ആശുപത്രി ഉയരും. അതിന് മുമ്പ്  കോഴിക്കോട്  മെഡ‍ിക്കല്‍ കോളജിലെ കെട്ടിടത്തില്‍ താല്‍ക്കാലികമായി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.

ആവശ്യമുള്ളതിന്‍റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ സംസ്ഥാനത്ത് ശസ്ത്രക്രിയയ്ക്കായി അവയവങ്ങള്‍ ലഭ്യമാകുന്നുള്ളു. അതുകൊണ്ടുതന്നെ യോജിക്കുന്ന അവയവങ്ങള്‍ക്കായി  വര്‍ഷങ്ങളാണ് ഓരോ രോഗികളും കാത്തിരിക്കേണ്ടിവരിക. ഇതിനാണ് അവസാനമാകുന്നത്. അവയവദാനമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഒരുകുടകീഴിലാവും. കോര്‍ണിയ, വൃക്ക, കരള്‍, ഹൃദയം, മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയകളാണ് എന്നിവയാണ് പ്രധാനമായും നടക്കുക. ആശുപത്രി തുടങ്ങി ഏഴുവര്‍ഷം കൊണ്ട് 2.30 ലക്ഷം രോഗികളെയാണ് പ്രതീക്ഷിക്കുന്നത്.

219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 16 ഓപ്പറേഷന്‍ റൂമുകള്‍, ഡയാലിസിസ് സെന്‍റര്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യാശുപത്രികളില്‍ ചെലവാകുന്നതിന്റ മൂന്നിലൊന്ന് മാത്രമേ ഇവിടെ ചെലവ് വരികയുള്ളൂ. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍  അവയവം മാറ്റിവെക്കല്‍‍ ശസ്തക്രിയയും പുനധരിവാസവും വരെ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിയാണ് വരാനിരിക്കുന്നത്.   

ENGLISH SUMMARY:

Organ Donation Institute is coming up IN Kozhikode