father-mvd

തെറ്റേറ്റുപറഞ്ഞും നിരത്തിലിറങ്ങുന്നവര്‍ വാഹനം സൂക്ഷിച്ചോടിക്കണമെന്ന് നിര്‍ദേശിച്ചും വളര്‍ത്തുപട്ടിയെ മടിയിലിരുത്തി വാഹനമോടിച്ച് നടപടി നേരിട്ട പുരോഹിതന്‍. മാവേലിക്കര മോട്ടോര്‍ വാഹന വകുപ്പിന്‍റെ ലേണേഴ്സ് ലൈസന്‍സിനുള്ള ക്ലാസിലാണ് ഫാദര്‍ ബൈജു വിന്‍സെന്‍റ് തിരിച്ചറിവുകള്‍ പങ്കുവെച്ചത്. നിയമവിരുദ്ധമായി വാഹനമോടിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ ഫാദര്‍ ബൈജുവിന്‍റെ ലൈസന്‍സ് ആലപ്പുഴ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

 

പരിക്കുപറ്റിയ നായയെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പുരോഹിതന്‍റെ ദൃശ്യം വഴിയാത്രക്കാരന്‍ പകര്‍ത്തിയത്. പ്രചരിച്ച ചിത്രങ്ങള്‍ ആര്‍ടിഒയ്ക്ക് മുന്നിലുമെത്തി. ഫാ. ബൈജു വിന്‍സെന്‍റിന്‍റെ വാഹന ലൈസന്‍സിന് മൂന്നുമാസത്തേക്ക് പൂട്ടുവീണു. ചെയ്തത് നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടല്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയ്ക്ക് മുന്നിലെത്തിയ ഫാദര്‍ തെറ്റേറ്റുപറഞ്ഞു. പുതിയ തിരിച്ചറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള ആഗ്രഹവും പങ്കുവെച്ചു. ഒടുവില്‍ പടനിലം ഫാത്തിമാ മാതാ കത്തോലിക്കാ ദേവാലയത്തിലെ ഫാദര്‍ ബൈജു വിന്‍സെന്‍റ് ലേണേഴ്സ് ക്ലാസിലെത്തി, അധ്യാപകനായി.

അറിയാതെ ചെയ്ത തെറ്റാണെങ്കിലും അറിവില്ലായ്മ തന്നെ തെറ്റായിപ്പോയെന്ന് ഫാദര്‍. അപ്പീലിന് പോകാതെ ശിക്ഷ പൂര്‍ണമായി അനുഭവിക്കാനാണ് തീരുമാനം.