antony-valunkal

TOPICS COVERED

വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ.ആന്റണി വാലുങ്കൽ ഇന്ന് സ്ഥാനമേൽക്കും. വല്ലാര്‍പാടം  ബസിലിക്ക അങ്കണത്തിലെ മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. 

 

പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂർ സെന്റ് ജോർജ് ഇടവകയിലാണ് ആന്റണി വാലുങ്കലിന്റെ ജനനം. 94 ഏപ്രിൽ 11 ന്  കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ഏഴുവർഷക്കാലം മൈനർ സെമിനാരി വൈസ് റെക്ടർ, വിയാനി ഹോം സെമിനാരി ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. കർത്തേടം വികാരിയായി സേവനം ചെയ്യുന്ന കാലയളവിൽ ഇടവക ദേവാലയം പുനർനിർമ്മിച്ചു. തുടർന്ന് ജോൺ പോൾ ഭവൻ സെമിനാരി ഡയറക്ടർ ആയി നിയമിതനായി.

മൂന്നു വർഷങ്ങൾക്കു ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽനിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറേറ്റും നേടിയശേഷം ആലുവ കാർമൽഗിരി സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറും പ്രഫസറുമായി നിയമിതനായി. ഇക്കാലയളവിൽ ചൊവ്വര, പാറപ്പുറം ദേവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിർവഹിച്ചു.  വല്ലാർപാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നതിനിടെയാണ് സഹായമെത്രാൻ സ്ഥാനത്തെക്ക് നിയുക്തനാകുന്നത്. രൂപീകരണത്തിലെ മിസ്റ്റിക്കൽ വശങ്ങൾ, മിഷനനറിമാരുടെ ആത്മീയ സംഭാവനകൾ ,മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയ ഭക്തിയും തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Dr. Antony Valunkal will assume office today as the Auxiliary Bishop of the Varappuzha Archdiocese