നാട്ടിലിറങ്ങി പിടിയിലാകുന്ന വന്യജീവികളെ അധിവസിപ്പിക്കാന്‍ ഇടമില്ലാതായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായ സ്ഥിതിയാണ്. വയനാട്ടിലെ കുപ്പാടിയിലും തൃശൂര്‍ മൃഗശാലയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലും ഉള്‍കൊള്ളാവുന്നതിനേക്കാള്‍ ഇരട്ടി കടുവകളെയാണ് പാര്‍പ്പിക്കുന്നത്. നാട്ടിലെത്തുന്ന വന്യജീവികളുടെ എണ്ണം കൂടുമ്പോഴും പുതിയ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നാട്ടിലിറങ്ങുന്ന വന്യ ജീവികളെ പിടികൂടുന്നതിനേക്കാള്‍ അതിനെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനുമാണ് പാട്. കൂട്ടിലകപ്പെടുന്ന ജീവികളെ പാര്‍പ്പിക്കാനിടമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. വയനാട്ടിലെ ഏക പുനരധിവാസ കേന്ദ്രമായ വയനാട് കുപ്പാടി നിറഞ്ഞിട്ട് വര്‍ഷങ്ങായി. 4 കടുവയ്‌ക്ക് മാത്രം സൗകര്യമുള്ള കുപ്പാടിയില്‍ നിലവില്‍ 7 കടുവകളാണ് പാര്‍ക്കുന്നത്. സ്ഥല പരിമിതിയുള്ളത് കൊണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി കടുവയെ മറ്റു ഇടങ്ങളിലേക്ക് കൊണ്ടു പോകാറാണ് പതിവ്.
എന്നാല്‍ അവിടെയും രക്ഷയില്ലെന്നായി, സ്ഥിരമായി കടുവകളെ കൊണ്ടു പോകുന്ന തൃശൂര്‍ മൃഗശാലയില്‍ നിലവില്‍ 5 കടുവകളും 1 പുലിയുമുണ്ട്. മുള്ളന്‍കൊല്ലിയില്‍ നിന്നുള്ള കടുവയെ കൂടി ഇവിടെ എത്തിച്ചതോടെ ഇനി ഒരു കൂടു പോലും അവശേഷിക്കുന്നില്ല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 4 കടുവയും ഒരു പുലിയും. വാകേരിയില്‍ നിന്ന് പിടിക്കപ്പെട്ട കടുവയാണ് ഇവിടെ എത്തിയ അവസാനത്തേത്. നിലവില്‍ ഒരാളെ പോലും അങ്ങോട്ടും പ്രവേശിപ്പിക്കാനാവില്ല.
മറ്റു ജില്ലകളിലെയും സ്ഥിതി ഇങ്ങനെ തന്നെ. വയനാട്ടില്‍ പിടികൂടുന്ന കടുവകളെ കൊണ്ടു പോകാന്‍ പിന്നെയുള്ള താല്‍കാലിക വഴി തിരുവനന്തപുരം നെയ്യാറിലെ വന്യ ജീവി സങ്കേതമാണ്. എന്നാല്‍ മയക്കുമരുന്നു വെച്ചോ കൂട്ടിലകപ്പെട്ട് പരുക്ക് ഏല്‍ക്കുന്നതോ ആയ കടുവകളെ ഇത്ര ദൂരം കൊണ്ടു പോകുന്നത് അവയുടെ ജീവനു തന്നെ ഭീഷണിയാകും. വയനാട്ടില്‍ മാത്രം ഒരു വര്‍ഷത്തിനിടെ നാട്ടിലിറങ്ങി പിടിക്കപ്പെട്ടത് 9 കടുവകളാണ്, നാട്ടിലിറങ്ങുന്ന വന്യ ജീവികളുടെ എണ്ണം വര്‍ധിക്കുമ്പോഴും അവയെ അധിവസിപ്പിക്കാന്‍ ഇടമില്ലാത്തത് വനം വകുപ്പിനും നാട്ടുകാര്‍ക്കും ഒരു പോലെ ഭീഷണിയാണ്.