ഉടമകള്‍ അറിയാതെ കെട്ടിട നമ്പര്‍ ജിഎസ്ടി രജിസ്ട്രേഷന് ഉപയോഗിച്ചതായി പരാതി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശികളായ മൂന്നുപേരാണ് പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിനു പിന്നില്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് സൂചന.
ജിഎസ്ടി രജിസ്ട്രേഷനായി വന്ന മൂന്ന് അപേക്ഷകളില്‍ ഒരേ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടുകൂടിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ ഉടമകളെ തേടിയിറങ്ങിയത്. അപേക്ഷകളില്‍ ഉണ്ടായിരുന്നത് വ്യത്യസ്ത മേല്‍വിലാസങ്ങളായിരുന്നതിനാല്‍ കെട്ടിട നമ്പര്‍ കേന്ദ്രീകരിച്ചായി അന്വേഷണം. വാര്‍ഡുമെമ്പര്‍മാരുടെ സഹായത്തോടെ ഉടമകളെ കണ്ടെത്തി സംസാരിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. മൂന്ന് കെട്ടിട ഉടമകളും അപേക്ഷ നല്‍കിയത് അറിഞ്ഞിട്ടില്ല.
മംഗലത്തുകുന്നേല്‍ കെ.എ.അലക്സ്, പെലക്കായിപറമ്പില്‍ പി.എല്‍ തോമസ്, കുന്നത്തുപറമ്പില്‍ കെ.പി മാത്യു തുടങ്ങിയവരുടെ കെട്ടിട നമ്പറാണ് ദുരുപയോഗം ചെയ്തത്. മൂവരും മുളന്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.മൂന്ന് അപേക്ഷകളും വന്നത് ഒരേ മെയില്‍ ഐഡിയില്‍ നിന്ന്. ആകാശ് മെഹര്‍ബന്‍, ഗുജന്‍ കിഷന്‍, കുല്‍ജിത് സിങ് എന്നീ പേരുകളിലാണ് അപേക്ഷകളുള്ളത്. ആക്രിക്കടകളിലെ അതിഥി തൊഴിലാളികളാണ് തട്ടിപ്പിനു പിന്നിലെന്നാണ് ജിഎസ്ടി ഉദ്യോഗസഥരുടെ സംശയം. പൊലീസ് അന്വേഷണവും അതേ ദിശയിലാണ്.