വയനാട് ചീപ്രംകുന്നിലെ ആദിവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. റോഡും കുടിവെള്ളവും ഒരുക്കാന്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു. എല്ലാ വീടുകളിലേക്കും പൈപ്പും വെള്ളവും പ്രദേശത്തേക്ക് കോണ്‍ക്രീറ്റ് റോഡും അനുവദിക്കുന്നതിനായാണ് തുക അനുവദിക്കാന്‍ തീരുമാനമായത്. റോഡിനായി 50.70 ലക്ഷവും കുടിവെള്ളത്തിനായി 95.20 ലക്ഷവും അനുവദിക്കും. ചീപ്രംകുന്നുകാരുടെ ദുരിത ജീവിതം മനോരമന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
പദ്ധതിക്കുള്ള പ്രൊപ്പോസല്‍ സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന് സമര്‍പ്പിച്ചു. അംഗീകാരമായാല്‍ രണ്ട് മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നപ്പോൾ വായവറ്റ ചീപ്രത്തു നിന്നും നെല്ലറച്ചാൽ കുണ്ടരഞ്ഞിയിൽ നിന്നുമായി സര്‍ക്കാരിടപെട്ട് ചീപ്രംകുന്നിലേക്ക് വാഗ്ദാനങ്ങള്‍ നല്‍കി മാറ്റിപ്പാര്‍പ്പിച്ചതാണ് ചീപ്രംകുന്നുകാരെ.മൃതദേഹം പോലും ചുമലിലേറ്റി കൊണ്ടുപോകേണ്ട ഗതികേടിലായിരുന്നു നാട്ടുകാര്‍. റോഡോ വെള്ളമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നരകിച്ച് ജീവിതം. മൂന്നു മാസം കൊണ്ട് അടിസ്ഥാന സൗകര്യമൊരുക്കും എന്ന് ഉറപ്പിലാണ് നൂറുകണക്കിന് ആളുകളെ മേഖലയിലെത്തിച്ചത്. എന്നാൽ നാലും എട്ടും വർഷമായി ഇതേ സ്ഥിതിയാണ്.
സ്വയം കുഴിച്ചെടുത്ത കുഴിയിൽ നിന്ന് വെള്ളം എടുത്ത് വേണം ദാഹം പ്രദേശവാസികള്‍ക്ക് അകറ്റാൻ. വേനലിൽ വെള്ളം വറ്റും. പിന്നെ കിലോ മീറ്റർ സഞ്ചരിച്ചു വേണം വെള്ളം കണ്ടെത്താൻ. റോഡ് ചെളിക്കുളമായതിനാൽ കാൽ നട യാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവില്ല, ഇതോടെ പ്രദേശത്തെ നിരവധി കുട്ടികൾ സ്കൂളിൽ പോലും പോകാതെയായി. ഒന്നര കിലോ മീറ്റർ മാത്രം ദൂരം വരുന്ന റോഡിനും കുടിവെള്ള സ്രോതസിനും വേണ്ടി നിരവധി തവണ നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.