ഭൂമി വിൽപന കരാർ ലംഘിച്ചതിനു പൊലീസ് മേധാവിയുടേയും ഭാര്യയുടേയും ഭൂമി കോടതി ജപ്തി ചെയ്തു. എസ്.ദർവേഷ് സാഹിബിനും ഭാര്യയുടേയും പേരൂർക്കട വില്ലേജിലെ 10.8 സെൻ്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണൽ സബ് കോടതി ജപ്തി ചെയ്തത്. ഭൂമി വിൽക്കാനായി 74 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുൻകൂർ വാങ്ങുകയും ചെയ്ത ശേഷം കരാർ ലംഘിച്ചെന്നാണ് പരാതി.
പൊലീസ് മേധാവിയായിരിക്കുമ്പോഴാണ് വഴുതക്കാട് സ്വദേശി ടി.ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടത്. പിന്നീട് പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഭൂമി പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യതയുണ്ടെന്നും കണ്ടെത്തി. തുടർന്ന് പലിശയും ചെലവും ഉൾപ്പെടെ 33.35 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നൽകുമ്പോൾ ജപ്തി ഒഴിവാകും എന്നതാണ് വ്യവസ്ഥ.