t-ummer-sharif-on-dgp-land-

ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തതിന് പിന്നാലെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെതിരെ ഗുരുതര ആരോപണങ്ങള്‍. വായ്പാ ബാധ്യത മറച്ചുവച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെന്നും ഓഫീസില്‍ വച്ച് സാമ്പത്തിക ഇടപാട് നടത്തിയെന്നുമാണ് ആരോപണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ച ശേഷം പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഫോണ്‍ പോലും എടുത്തില്ലെന്നും പരാതിക്കാരന്‍ ഉമര്‍ ഷെറീഫ് മനോരമ ന്യൂസിനോട് പറഞ്ഞു. വായ്പാ ബാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നെന്നാണ് ഡി.ജി.പിയുടെ വിശദീകരണം.

 

പൊലീസ് മേധാവി കരാര്‍ ലംഘനവും വഞ്ചനയും സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും, അതിന് മുകളിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റകൃത്യം മറച്ചുവയ്ക്കലും ചെയ്തൂവെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. ഡി.ജി.പിയുടെ ഭാര്യയുടെ പേരില്‍ പേരൂര്‍ക്കടയിലുള്ള ഭൂമി 74 ലക്ഷം രൂപയ്ക്ക് വില്‍ക്കാനാണ് വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെറീഫുമായി കരാറിലേര്‍പ്പെട്ടത്. 30 ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി. പിന്നീടാണ് ഇതേ ഭൂമി ബാങ്കില്‍ 26 ലക്ഷം രൂപയ്ക്ക് പണയം വെച്ചിരിക്കുകയാണെന്ന് മനസിലായത്. വായ്പ ബാധ്യത മറച്ചുവച്ച് വഞ്ചിച്ചതിന്റെ തെളിവായി ബാധ്യതകളൊന്നുമില്ലെന്ന് രേഖപ്പെടുത്തിയ കരാര്‍ ഉമര്‍ പുറത്തുവിട്ടു.

ഭൂമി വേണ്ടന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി തയാറാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചതും 10.8 സെന്റ് ഭൂമി ഉപാധികളോട് ജപ്തി ചെയ്ത് 33 ലക്ഷം രൂപ ഈടാക്കാന്‍ വിധിയുണ്ടായതും. പൊലീസ് ആസ്ഥാനത്ത ഓഫീസില്‍ വച്ചാണ് 5 ലക്ഷം കൈമാറിയതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കരുതെന്ന സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണിത്. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും ഇടപെട്ടില്ല.  

ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഡി.ജി.പി കസേരയില്‍ ഒരു വര്‍ഷം കൂടി നല്‍കാനുള്ള ഫയലുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു ആസമയം മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍ കരാറിലില്ലങ്കിലും വായ്പാ ബാധ്യത വാക്കാല്‍ അറിയിച്ചിരുന്നതായാണ് ഡി.ജി.പി വിശദീകരിക്കുന്നത്. മുഴുവന്‍ പണവും നല്‍കുന്നതോട് ബാധ്യത മാറ്റി നല്‍കാമെന്നായിരുന്നു ധാരണയെന്നും ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.

ENGLISH SUMMARY:

Complainant Umar Sharif on DGP land deal disputes