wild-elephant-attack-in-ker

അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ കാട്ടാനക്കൂട്ടം. ഇടുക്കി കാന്തല്ലൂരിൽ വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മലക്കപ്പാറയില്‍ കബാലി വീണ്ടും ഗതാഗതം തടസപ്പെടുത്തി. എറണാകുളം കോതമംഗലം, മലപ്പുറം വാഴക്കാട് എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും കാട്ടാനയിറങ്ങി. നാല് ആനകളുടെ കൂട്ടമാണ് ഇടുക്കി കാന്തല്ലൂരില്‍ സഞ്ചാരികൾക്ക് നേരെ പാഞ്ഞെടുത്തത്. ഓടിമാറിയതിനാൽ തലനാരിഴക്ക് സഞ്ചാരികൾ രക്ഷപെട്ടു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഒരുമാസത്തോളമായി മേഖലയില്‍ കാട്ടാനകളിറങ്ങുന്നതും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. മേഖലയിൽ ആര്‍.ആര്‍.ടി നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പുലർച്ചെ നാലുമണിയോടെയാണ് കോതമംഗലത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന കൃഷ്ണപുരം കോളനി ഭാഗത്ത് കാട്ടാനയെത്തിയത്. കൃഷിയും വളർത്തുമൃഗങ്ങളുടെ കൂടുകളും നശിപ്പിച്ച കാട്ടാന അര മണിക്കൂറോളം മേഖലയില്‍ നിലയുറപ്പിച്ചശേഷമാണ് മടങ്ങിയത്. സ്ഥിരമായി കാട്ടാനയിറങ്ങുന്ന പ്രദേശമായിട്ടും വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

അതിരപ്പള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ വീണ്ടും കബാലിയിറങ്ങി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. മലക്കപ്പാറ ചെക്ക് പോസ്റ്റിന് സമീപത്തെ റോഡില്‍, ഇന്നലെ രാത്രി ഏട്ടരയോടെയാണ്  ആന നിലയുറപ്പിച്ചത്.  മലപ്പുറം വഴിക്കടവിനടുത്ത് പുന്നയ്ക്കലില്‍ ഫുട്ബോള്‍ മൈതാനത്തിനടുത്താണ് കാട്ടാനയിറങ്ങിയത്. പലപ്പോഴും കൂട്ടമായി കാട്ടാനയിറങ്ങുന്ന പ്രദേശമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Human vs Wild issues in Kerala