dgp0207

ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെതിരായ ഭൂമിയിടപാട് പരാതി പണം നല്‍കി ഒത്തുതീര്‍ക്കും. ഭൂമി വില്‍ക്കാന്‍ അഡ്വാന്‍സായി വാങ്ങിയ പണം ഡി.ജി.പി ഇന്ന് തന്നെ തിരികെ നല്‍കും. പണം ലഭിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന് ഹര്‍ജിക്കാരനും സമ്മതിച്ചു. അതേസമയം വിവാദത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഡി.ജി.പി തയാറായില്ല.

ഭൂമി ഇടപാടില്‍ സംസ്ഥാന പൊലീസ് മേധാവി തന്നെ വഞ്ചന കാട്ടിയെന്നത് ഷെയ്ഖ് ദര്‍വേഷ് സാഹിബിന് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന് തന്നെ വലിയ നാണക്കേടായി.കരാറില്‍  വായ്പാ ബാധ്യത മറച്ചുവെച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ വിശദീകരിച്ച് നില്‍ക്കാനും സാധിക്കാത്ത അവസ്ഥ.

എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഐ.പി.എസ് സുഹൃത്തുക്കള്‍ ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാവുകയും ചെയ്തു. അഡ്വാന്‍സായി വാങ്ങിയ 30 ലക്ഷം രൂപ ഡി.ജി.പി ഇന്ന് തന്നെ തിരികെ നല്‍കും. ഇതോടെ അടുത്ത ദിവസം കേസ് കോടതി പരിഗണിക്കുമ്പോള്‍, ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിക്കും. 

അതോടെ നിയമപരമായ കുരുക്ക് അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. വഞ്ചന ആരോപിച്ച് ഹര്‍ജിക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ വഞ്ചനാകുറ്റത്തിന് ഡി.ജി.പിയും ഭാര്യയും പ്രതിയാകുന്ന സാഹചര്യമായേനെ. അത്തരം അവസ്ഥയില്‍ നിന്ന് തലയൂരാന്‍ ഡി.ജി.പിക്ക് മുന്നിലുള്ള ഏക മാര്‍ഗവും പണം കൊടുത്ത് ഒത്തുതീര്‍പ്പാവുകയാണ്.

എന്നാല്‍ ഡി.ജി.പി ഓഫീസില്‍ വച്ച് അഞ്ച് ലക്ഷം രൂപ വാങ്ങിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും വകുപ്പുതല നടപടി എടുക്കേണ്ടതുമാണ്. മുഖ്യമന്ത്രി തല്‍കാലം കണ്ണടച്ച് വിഷയം ഇന്നത്തോടെ അവസാനിപ്പിക്കാനാണ് നീക്കങ്ങള്‍.

ENGLISH SUMMARY:

Complaint Against DGP Sheikh Darvesh Saheb Will Be Settled By Paying Money