നീറ്റ്,നെറ്റ് പരീക്ഷാ വിവാദത്തില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തിയ മാര്‍ച്ചില്‍ കൊച്ചിയിലും കോഴിക്കോട്ടും സംഘര്‍ഷം. കൊല്ലത്തെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ചിന്ത ജെറോം മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ച് കുട്ടികളെ മാനസികമായി തളര്‍ത്തി സമ്പന്നരുടെ മക്കളെ തിരുകി കയറ്റുകയായിരുന്നെന്നും എന്നാല്‍ ഈ വര്‍ഷം പച്ചയായ കച്ചവടം തുടങ്ങിയെന്നും ലക്ഷങ്ങള്‍ വാങ്ങി ചോദ്യപേപ്പര്‍ പണക്കാരന്‍റെ മക്കളുടെ കയ്യിലേക്ക് കൊടുക്കുകയാണെന്നും ആരോപിച്ചു.
ചിന്ത ജെറോമിന്‍റെ വാക്കുകള്‍
'രാജ്യത്ത് പണമുള്ളവന്‍റെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ മതി അവര് മാത്രം ഉയര്‍ന്ന പദവിയിലേക്ക് എത്തിയാല്‍ മതി എന്ന നീതി. കടുത്ത അഴിമതി വിദ്യാഭ്യാസ രംഗത്ത് നടത്തികൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ സ്വപ്നമാണ് നീറ്റ് പരീക്ഷ. ആ സ്വപ്നത്തെ തച്ചുടക്കുന്ന സമീപനമാണ് ഇത്തരം കച്ചവടത്തിലൂടെ കേന്ദ്ര ഗവണ്‍മെന്‍റ് സ്വീകരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ വിദ്യാര്‍ഥികളെ വിഢികളാക്കുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്‍റ് സ്വീകരിക്കുന്നത്. ബിജെപിയുടെ ഗവണ്‍മെന്‍റിന് ഈ രാജ്യത്ത് ആകെ പ്രതിബന്ധതയുള്ളത് സമ്പന്നന്‍മാരോടും കോര്‍പ്പറേറ്റുകളോടുമാണ്. സമ്പന്നന്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി രാജ്യത്തെ പൊതുമേഖലയെ ഒന്നടങ്കം കച്ചവടം ചെയ്തു. ഈ രാജ്യത്തെ പൊതു സ്വത്തെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് എഴുതികൊടുക്കുന്നു. വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളെ തച്ചുടക്കുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് വിദ്യാര്‍ഥി പക്ഷത്ത് നില്‍ക്കുവാന്‍ രാജ്യത്തെ പ്രതിപക്ഷം എന്ന് അവകാശപ്പെടുന്ന യൂത്ത് കോണ്‍ഗ്രസോ, കോണ്‍ഗ്രസോ അതിന്‍റെ യുവജന വിദ്യാര്‍ഥി സംഘടനകളോ തയാറാകുന്നില്ല. എന്നാല്‍ ഡി.വൈ.എഫ്.ഐ അതിശ്കതമായ സമരവുമായി മുന്നോട്ടുപോവുകയാണ്. രാജ്യത്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമാണ് ഇത് സംബന്ധിച്ച് ഏറ്റവും വലിയ പോരാട്ടങ്ങള്‍ നടത്തുന്നത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രാജിവെക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നത്'.
'ഇതിനുമുന്‍പ് എന്ത് സമീപനമാണ് സ്വീകരിച്ചിരുന്നത്, അനാവശ്യമായി ശാരീരിക പരിശോധന എന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികളുടെ മാനസികമായ കരുത്തിനെ ഇല്ലാതെയാക്കി. പെണ്‍കുട്ടികളുടെ അടക്കം അടിവസ്ത്രങ്ങള്‍ ഊരിവെപ്പിച്ചുകൊണ്ട് പരീക്ഷാ ഹാളിലേക്ക് കയറ്റിവിടുന്ന സാഹചര്യം. നമ്മുടെ സംസ്ഥാനത്ത് ഉള്‍പ്പടെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ തെറ്റായ നയം നടന്നു. നമ്മുടെ ജില്ലയിലെ തന്നെ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവന്നു. അന്ന് ആ വിഷമം അനുഭവിച്ച പെണ്‍കുട്ടികളുടെ വീടുകളിലേക്ക് ഞങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോയിട്ടുണ്ട്. അവരുടെ അടിവസ്ത്രം ഊരിവെപ്പിച്ച്, പരീക്ഷാ ഹാളില്‍ ഇരുത്തി, കയ്യില്‍ ചോദ്യപേപ്പര്‍ നല്‍കി, പരീക്ഷയെഴുതാന്‍ പറയുക, അത്തരമൊരു അവസ്ഥയില്‍ നന്നായി പഠിച്ച ഒരു കുട്ടിക്ക് പോലും എങ്ങനെയാണ് പരീക്ഷ എഴുതാന്‍ കഴിയുക. അന്ന് അവര്‍ ഉദ്ദേശിച്ചിരുന്നത് പഠിക്കുന്ന കുട്ടികളെ ഇത്തരത്തില്‍ മാനസികമായി തളര്‍ത്തി അവരുദ്ദേശിക്കുന്ന സമ്പന്നരുടെ മക്കളെ തിരുകി കയറ്റുക എന്നതായിരുന്നു. അടുത്ത വര്‍ഷം ആയപ്പോഴേക്കും പച്ചയായ കച്ചവടം. ലക്ഷങ്ങള്‍ വാങ്ങുന്നു. ചോദ്യപേപ്പര്‍ പണക്കാരന്‍റെ മക്കളുടെ കയ്യിലേക്ക് കൊടുക്കുന്നു'.
'ഞങ്ങള്‍ സമരം നടത്തിയപ്പോള്‍ ഞങ്ങളെ തല്ലാന്‍ ആവേശത്തോടെ വന്ന പൊലീസുണ്ടല്ലോ, ഈ പൊലീസുകാരുടെ മക്കള്‍ പോലും നീറ്റ് പരീക്ഷക്ക് ചെന്നിരുന്നാല്‍, പഠിക്കുന്ന നിങ്ങളുടെ മക്കള്‍ക്ക് പോലും പരീക്ഷ പാസാകാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത്. പ്രിയപ്പെട്ട പൊലീസുകാരാ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടികൂടിയാണ് ഡി.വൈ.എഫ്.ഐക്കാര്‍ ഈ സമരം നടത്തുന്നതെന്ന ബോധ്യം നിങ്ങള്‍ക്ക് വേണം. ഈ നാട്ടിലെ സാധാരണക്കാരന്‍റെ മക്കള്‍ക്ക് വേണ്ടിയാണ്. അതിനുവേണ്ടിയാണ് ഞങ്ങള്‍ അടികൊള്ളാന്‍ തയാറായി നില്‍ക്കുന്നത്. അതിനുവേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്'.
കൊച്ചി ആര്‍ബിഐ ഓഫിസിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിലും ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.