ആലുവയിൽ എഴുപതുകാരനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയ്ക്ക് സമീപം പുലർച്ചെ അഞ്ചിനായിരുന്നു കൊലപാതകം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ഹോട്ടലിലേക്ക് ചായ കുടിക്കാൻ എത്തിയപ്പോഴാണ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിലേക്ക് എത്തിയത്. കൊല്ലപ്പെട്ടയാളും പ്രതിയും ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് തർക്കമുണ്ടായതോടെ ഇരുവരും പിരിഞ്ഞു. ഇന്ന് രാവിലെ ചായ കുടിക്കാൻ എത്തിയപ്പോൾ ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായി. ഇതോടെയാണ് ഏഴിക്കര സ്വദേശി ശ്രീകുമാർ കൈവശമുണ്ടായിരുന്ന കത്രികയ്ക്ക് സമാനമായ ഉപകരണം ഉപയോഗിച്ച് കുത്തിയത്. നെഞ്ചിൽ കുത്തേറ്റ എഴുപതുകാരൻ നടന്ന ഒരല്പം മുന്നോട്ട് നീങ്ങിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ശ്രീകുമാർ രക്ഷപ്പെടാൻ ശ്രമിച്ച എങ്കിലും നാട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.