TOPICS COVERED

തടസങ്ങള്‍ നീങ്ങിയതോടെ മകന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കോഴിക്കോട് ഫറോക്ക് സീനത്ത് മന്‍‌സിലിലെ ഫാത്തിമ. മോചന ദ്രവ്യം കൈമാറുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തതോടെയാണ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റ മോചന നടപടികള്‍ വേഗത്തിലായത്. സൗദി കുടുംബം ആവശ്യപ്പെട്ട വന്‍തുകയ്ക്ക് മുന്നില്‍ പകച്ച് നിന്ന കുടുംബത്തിന്റ അവസ്ഥ ആദ്യമായി പൊതുസമൂഹത്തെ അറിയിച്ച  മനോരമ ന്യൂസിനും ഇത് അഭിമാന നിമിഷം.. 

മോചനദ്രവ്യമായി സൗദി കുടുംബം ആവശ്യപ്പെട്ടത് 34 കോടി രൂപ. ഉമ്മയും സഹോദരങ്ങളും അടങ്ങുന്ന സാധാരണ കുടുംബത്തിന് സങ്കല്‍പിക്കാന്‍പോലും പറ്റുന്നതായിരുന്നില്ല ആ തുക. തുക കൈമാറാന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ കുടുംബത്തിന്റ അവസ്ഥ മനോരമ ന്യൂസ് പൊതുസമൂഹത്തിന്റ മുന്നില്‍ അവതരിപ്പിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങള്‍ അതേറ്റെടുത്തു. ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ളവര്‍ കൈയയച്ച് സഹായിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ 34 കോടി രൂപ പിരിച്ചെടുക്കാനായി.

നിയമനടപടികള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം തുക കുടുംബത്തിന് കൈമാറി. ഇതോടെ റിയാദിലെ കോടതി അബ്‌ദുല്‍ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്തു. ഇനി കാത്തിരിപ്പാണ്.. മകന് വേണ്ടി 18 വര്‍ഷത്തെ ഒരുമ്മയുടെ കാത്തിരിരിപ്പിന് വിരാമമാകുന്ന നിമിഷത്തിനുവേണ്ടി. സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിച്ചതിന് അബ്ദുല്‍ റഹീം കാരണക്കാരനായെന്ന് ആരോപിച്ചായിരുന്നു ജയിലിലടച്ചത്.