cancer

കാന്‍സറിനെ പ്രമേയമാക്കി സിനിമ എടുക്കുന്നതിനിടയില്‍ തനിക്ക് കാന്‍സര്‍ ആണെന്ന് ഒരു സംവിധായിക തിരിച്ചറിഞ്ഞാലോ? അങ്ങനെ ഒരു അവസ്ഥയിലൂടെയാണ് എഴുത്തുകാരിയായ പ്രിയ ഷൈന്‍ ഒന്നര വര്‍ഷംമുന്‍പ് കടന്നുപോയത്. പക്ഷേ, കീമോ ചെയ്ത് നാലാം ദിവസം ക്യാമറയ്ക്കുമുന്നിലെത്തിയാണ് പ്രിയ വിധിയെ തോല്‍പ്പിച്ചത്.  

 

കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി സിനിമ എടുക്കുകയായിരുന്നു, ലക്ഷ്യം. തിരക്കഥയും പൂര്‍ത്തിയായി. കീമോ കാരണം മുടിയെല്ലാം കൊഴിഞ്ഞ സ്ത്രീയാണ് നായിക. ആ കഥാപാത്രം ചെയ്യാന്‍ പ്രിയാ ഷൈന് തന്‍റെ കരുത്തുറ്റ നീളന്‍ മുടി വെല്ലുവിളിയായി. തലയില്‍ പപ്പടം ഒട്ടിച്ചാല്‍ അഭംഗിയാകുമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അങ്ങനെ കഥാപാത്രമായി അഭിനയിക്കേണ്ടി വന്നില്ല, മറിച്ച് ജീവിക്കേണ്ടി വന്നു. കീമോ കഴിഞ്ഞ് നാലാംദിവസം ക്യാമറയ്ക്കുമുന്നിലെത്തി. ആശുപത്രിയില്‍ നിന്നടക്കമുള്ള ഭാഗങ്ങള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചവയാണ്. പ്രിയ തളര്‍ന്നു വീഴുന്നതും തലകറങ്ങുന്നതും തിരക്കഥ പ്രകാരമുളള അഭിനയമല്ല. രോഗം കാരണം ജീവിതത്തില്‍ നിന്ന്, സ്വപ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍‍ തയാറല്ലെന്ന് പ്രിയ.  

ഇതിനോടകം തൊണ്ണൂറിലധികം പുരസ്കാരങ്ങള്‍ പ്രിയയെ തേടിയെത്തി. തിരക്കഥയൊരുക്കി സംവിധാനം ചെയ്ത്, അഭിനയിച്ച ചിത്രങ്ങള്‍ അന്‍പതു കടന്നു.  സമാന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് തണലും വഴികാട്ടിയും ആകുന്നുണ്ട്, പ്രിയ.  തൃപ്പുണിത്തുറ വീട്ടില്‍ എഴുത്തിന്‍റെയും സിനിമയുടെയും തിരക്കിലാണ് പ്രിയ. 

Cancer patient priya shine survival story: