നിസാര തുക കുടിശികയായതിന്‍റെ പേരില്‍ ഒരു വര്‍ഷത്തിനിടെ വയനാട്ടിലെ 1514 ആദിവാസി കുടുംബങ്ങളിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചതായി പരാതി. പണമടച്ചിട്ടും അധികൃതര്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നില്ലെന്നും പരാതിയുണ്ട്. 1,62, 376 ഗാര്‍ഹിക കണക്ഷനുകള്‍ വിച്ഛേദിച്ചു. ഇതില്‍ 1,59,732 കണക്ഷനുകള്‍ പുനസ്ഥാപിച്ചതായും വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയ്‌ക്ക് പുറമേ മഴക്കാലത്തു പണി കുറഞ്ഞതാണ് ആദിവാസി ഊരുകളെ പ്രതിസന്ധിയിലാക്കിയത്. പ്രത്യേക പരിഗണന നല്‍കി കാല താമസം കൊടുക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് വിചിത്രം.
മാസങ്ങളായി തവനി ഊരിലെ വെള്ളച്ചി ഇരുട്ടത്താണ്. കൈകുഞ്ഞുള്ള ശരണ്യക്കും ഊരിലെ 9 വീടുകളിലും ഇതു തന്നെയാണ് സ്ഥിതി. 200 മുതല്‍ എണ്ണൂറു രൂപ വരെ വൈദ്യുതി ബില്ലില്‍ കുടിശിക വന്നതിന് കെ.എസ്.ഇ.ബി അധികൃതര്‍ ചെയ്‌തതാണ്. ഒരു മുന്നറിയിപ്പും കൂടാതെ ഫ്യൂസൂരി, ചില വീടുകളിലെ മീറ്ററടക്കം പൊളിച്ചെടുത്തു, ബില്ല് അടച്ചിട്ടും മീറ്റര്‍ പുനസ്ഥാപിക്കാത്ത വീടുകളുമുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജോലിക്കു പോകാനാവാത്തവരാണ് ബില്ലടക്കാന്‍ ഏറെയും താമസിച്ചത്. ഒരു ഒഴിവു പോലും കൊടുക്കാതെ, അറിയിക്കുക പോലും ചെയ്യാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വന്യ ജീവികള്‍ നിരന്തരമെത്തുന്ന മേഖലയില്‍ മെഴുകുതിരി വെട്ടത്തിലാണ് മിക്ക കുടുംബങ്ങളും.