വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്ക് അടുക്കുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്തെത്തും. വാണീജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന്റെ പരീക്ഷണാടിസ്ഥാനത്തിലാണ് മദര്‍ഷിപ്പെത്തുന്നത്.
കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാനുള്ള ദൂരം കുറയുകയാണ്. 12ന് ഉച്ചകഴിഞ്ഞ് ആദ്യ മദര്‍ ഷിപ്പ് തുറമുഖത്ത് നങ്കൂരമിടും. യൂറോപ്പില്‍ നിന്നുള്ള മദര്‍ഷിപ്പ് മുന്ദ്രാ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. എത്ര വലിയ കപ്പലുകള്‍ക്കും അടുക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കി കഴിഞ്ഞു. അതിന്റെ പരീക്ഷണത്തിന് കൂടിയാണ് മദര്‍ഷിപ്പെത്തുന്നത്. മദര്‍ഷിപ്പില്‍ നിന്ന് ഫീഡര്‍ ഷിപ്പുകളിലേക്കും തിരിച്ചും ചരക്ക് കയറ്റി ഇറക്കുന്ന ട്രയലും ഇതിന്റെ ഭാഗമായി നടക്കും.
ആദ്യമായെത്തുന്ന മദര്‍ഷിപ്പിനെ വന്‍ ആഘോഷത്തോടെയാവും സര്‍ക്കാര്‍ സ്വീകരിക്കുക. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം പങ്കെടുക്കുന്ന സ്വീകരണം കാണാന്‍ ആയിരത്തോളം അതിഥികളെയും ക്ഷണിക്കും. മദര്‍ഷിപ്പെത്തുന്നതിന് പിന്നാലെ ഒട്ടേറെ കപ്പലുകള്‍ തുറമുഖത്തേക്കും. 2015 ഡിസംബറില്‍ തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പലവിധ പ്രതികസന്ധികള്‍ മറികടന്നാണ് യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്. ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അദാനി പോര്‍ട് അധികൃതര്‍.