ഹൈറിച് തട്ടിപ്പ് കേസിൽ കമ്പനി എം.ഡി കെ.ഡി പ്രതാപൻ റിമാൻഡിൽ. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും, ഒടിടി ഇടപാടുകളുടെയും പേരില്‍ ഹൈറിച്ച് ഉടമകളും ലീഡര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. കമ്പനി എംഡി കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് ഇവ മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇഡി കണ്ടെത്തി. പ്രതാപന്‍റെ അറസ്റ്റിന് പിന്നാലെ കള്ളപ്പണമിടപാടുകളില്‍ മുഖ്യപങ്കാളികളായി കോടികള്‍ സമ്പാദിച്ച ഒരു ഡസനിലേറെ ലീഡര്‍മാരെയും കുരുക്കാനൊരുങ്ങുകയാണ് ഇഡി.
ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിലായ കെ.ഡി പ്രതാപനെ വൈദ്യ പരിശോധനശേഷമാണ് കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതാപനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ തുടങ്ങിയ തട്ടിപ്പാണ് മണിച്ചെയിനും ഒടിടിയും കടന്ന് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ എത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മണി ചെയിൻ തട്ടിപ്പിൽ കുരുങ്ങി 88ശതമാനം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. ചുരുങ്ങിയത് 1160കോടി രൂപയെങ്കിലും തട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പദ്ധതിയിൽ അംഗങ്ങളായ മിച്ചമുള്ള പന്ത്രണ്ട് ശതമാനം ആളുകളുടെ പോക്കറ്റിലാണ് ഈ പണമത്രയും വന്ന് നിറഞ്ഞത്. എംഡി കെ.ഡി. പ്രതാപനും കൂട്ടാളികളായ ലീഡർമാരുമാണ് ഈ 12 ശതമാനം. മക്കളുടെയും മറ്റ് ബന്ധുക്കളുടെ പേരിലടക്കം പലർക്കും വൻ നിക്ഷേപങ്ങളുണ്ട്. മണിചെയ്യിന് പുറമെയായിരുന്നു എച്ച് ആര്‍ ക്രിപ്‌റ്റോ തട്ടിപ്പ്. ഇങ്ങനെയൊരു കറന്‍സി ഉപയോഗിച്ച് ഒരു എക്‌സ്‌ചേഞ്ചിലും ഇതുവരെ ഇടപാടുകള്‍പോലും നടന്നിട്ടില്ല. സംസ്ഥാനത്തിന് അകത്തും പുറത്തും രണ്ട്ഘട്ടങ്ങളിലായി നടത്തിയ റെയ്ഡില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിച്ചിരുന്നു. അന്വേഷണത്തോട് ഒരുതരത്തിലും സഹകരിക്കാതെ അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു പ്രതാപന്റെയും ഭാര്യയുടെയും ശ്രമം. ഇതോടെയാണ് അറസ്റ്റ് അനിവാര്യമായി തീർന്നത്.