കയറ്റുമതി നിയന്ത്രണം ലംഘിച്ച് യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച 220 ടണ്‍ ബസ്മതി അരി വല്ലാര്‍പാടത്ത് കസ്റ്റംസ് പിടികൂടി. ഉപ്പ് എന്ന വ്യാജേനെ തമിഴ്നാട്ടില്‍ നിന്നെത്തിച്ച എട്ട് കണ്ടെയ്നറുകളില്‍ നിന്നാണ് അരിപിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ 11കണ്ടെയ്നറുകളില്‍ നിന്നായി അഞ്ച്കോടിയുടെ അരിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കയറ്റുമതി നിയന്ത്രണം ലംഘിച്ച് വിദേശത്തേക്ക് അരികടത്തുകയായിരുന്നു ലക്ഷ്യം. വല്ലാര്‍പാടം ടെര്‍മിനലിലെ കസ്റ്റംസ് ഫ്രെയ്റ്റ് സറ്റേഷന്‍ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കോടികളുടെ അരികള്ളക്കടത്ത് തടഞ്ഞത്. തമിഴ്നാട്ടിലെ രണ്ട് അരി വ്യാപാരികളുടെ പേരില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ പതിനൊന്ന് കണ്ടെയ്നറുകളാണ് ഉപ്പ് എന്ന് രേഖപ്പെടുത്തി വല്ലാര്‍പാടത്ത് എത്തിയത്. സാധാരണഗതിയില്‍ ആദ്യത്തെ നിരകളിലെ ചാക്കുകള്‍ പരിശോധിച്ച് കണ്ടെയ്നറുകള്‍ക്ക് കയറ്റുമതി അനുമതി നല്‍കും. ഈ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. അരികടത്തിയ കണ്ടെയ്നറിലെ ആദ്യ നിരകളില്‍ ഉപ്പ് തന്നെയാണ് നിറച്ചിരുന്നത്. എന്നാല്‍ പുറകിലേക്കുള്ള ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ ബസ്മതി അരികണ്ടെത്തി.
രണ്ടാഴ്ച മുന്‍പാണ് അരികടത്തിയ ആദ്യ കണ്ടെയ്നറുകള്‍ പിടികൂടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യാപാരികളുടെ പേരില്‍ സമാനമായ വേറെയും കണ്ടെയ്നറുകള്‍ വന്നതായി കണ്ടെത്തി. ഒന്നര ആഴ്ചയിലേറെ നീണ്ട നടപടികള്‍ക്ക് ശേഷം ബുധനാഴ്ചയാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്. ഓരോ കണ്ടെയ്നറിലും 25000കിലോയിലേറെ അരിയാണുണ്ടായിരുന്നത്. ഉപ്പും അരിയും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത നിലയില്‍ വെള്ളനിറത്തിലുള്ള ചാക്കുകളിലായിരുന്നു പായ്ക്കിങ്.
രാജ്യത്ത് കിലോയ്ക്ക് 160 രൂപ വിലയുള്ള ബസ്മതി അരിക്ക് വിദേശത്ത് മൂന്നിരട്ടി വരെ വില ലഭിക്കും. ഈ ലാഭം ലക്ഷ്യമിട്ടായിരുന്നു തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികളുടെ കള്ളക്കടത്ത്. നിലവിൽ മട്ട അരിക്ക് മാത്രമാണ് നിയന്ത്രിത അളവില്‍ നിന്ന് രാജ്യത്തുനിന്ന് കയറ്റുമതി അനുമതിയുള്ളത്. കോഴിക്കോട് നിന്നുള്ള വ്യാപാരികള്‍ അയച്ച അരിയും കഴിഞ്ഞ മാസങ്ങളില്‍ കസ്റ്റംസ് പിടികൂടിയിരുന്നു.