tvm-medicalcollege

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം. നെഞ്ചുവേദനയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുളത്തൂര്‍ സ്വദേശി ഗിരിജകുമാരി(64)യാണ് മരിച്ചത്. 12 മണിക്കൂര്‍ ഗിരിജയെ ചികില്‍സിച്ചില്ലെന്നും പതിമൂന്നാം മണിക്കൂറില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 

നെഞ്ചുവേദന അനുഭവപ്പെട്ട ഗിരിജകുമാരിയെ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പ്രാഥമിക ചികിൽസ നല്കി വാർഡിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് വിദഗ്ധ ചികിൽസ നൽകുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പരാതി. രക്ത പരിശോധനയ്ക്ക്  നിർദേശിച്ചെങ്കിലും പല തവണ നടത്തിച്ചു. ലാബിലുള്ളവർ ലിഫ്റ്റില്ലെന്ന കാരണം പറഞ്ഞ് രോഗിയുടെ അടുത്തെത്തി സാംപിൾ എടുക്കാൻ വിസമ്മതിച്ചു. 

ഇസിജി എടുക്കാൻ ചെന്നപ്പോൾ ജീവനക്കാർ ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ വേദന കൊണ്ട് നിലവിളിക്കുന്ന രോഗിയെ നോക്കാൻ  ആവശ്യപ്പെടുന്നതിന്‍റെ ഓഡിയോ റെക്കോർഡും ബന്ധുക്കൾ പുറത്തുവിട്ടു. മൂന്നരയോടെ ഐ സി യു വിലേയ്ക്ക് മാറ്റിയെങ്കിലും ഗിരിജകുമാരി മരിച്ചു. ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹോസ്പിറ്റൽ അധികൃതർ തയാറായിട്ടില്ല. 

ENGLISH SUMMARY:

Complaint against Thiruvananthapuram medical college