kseb

കരുനാഗപ്പള്ളിയിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും. ഇടക്കുളങ്ങര സ്വദേശി അബ്ദുൽസലാമാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.  

 

വീടിന് സമീപം പറമ്പിൽ വീണ ഓല എടുക്കാൻ ഇറങ്ങിയ അബ്ദുൾ സലാമിന് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് . കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നും നേരത്തെ വൈദ്യുതി കമ്പി പൊട്ടി വീണിട്ടുണ്ടെന്നും ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. പൊട്ടി വീഴുമ്പോൾ പുതിയ ലൈൻ സ്ഥാപിക്കാതെ കൂട്ടിയോജിപ്പിച്ച് പോകുകയാണ് ചെയ്യുന്നത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ സലാമിനെ കാണാത്തതിനാൽ അന്വേഷിച്ചെത്തിയ സഹോദരിയാണ് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വൈദ്യുതാഘാതമേറ്റു. പരിസരത്ത് നിന്ന് ഓടിയെത്തിയവരും വടി ഉപയോഗിച്ച് വൈദ്യുതി കമ്പി മാറ്റാൻ ശ്രമിച്ചപ്പോൾ അവർക്കും ഷോക്കേറ്റു. ഗൾഫിൽ ജോലിയിലായിരുന്ന അബ്ദുൾ സലാം രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയ്ക്കായാണ് നാട്ടിലെത്തിയത്. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം .KSEB യുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

The incident where young man died due to shock from a broken power line in Karunagapally relatives against kseb: