സംസ്ഥാനത്ത് 500 രൂപയില്‍ താഴെയുളള മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ വാടക ചീട്ടെഴുതാനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാനും ജനം നെട്ടോട്ടമോടുന്നു. ചെറിയ മൂല്യമുളള മുദ്ര പത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ വലിയ വില കൊടുത്ത് മുദ്രപത്രങ്ങള്‍ വാങ്ങേണ്ട ഗതികേടിലുമാണ് ജനം. മുദ്ര പത്രം വാങ്ങുന്നത് നിര്‍ത്തുകയും സേവനങ്ങള്‍ ഒാണ്‍ലൈനാകുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.
ലോട്ടറി അടിച്ച പോലത്തെ സന്തോഷമാണ് തേടിത്തേടി നടന്ന് ഒരു മുദ്രപത്രം കിട്ടിയവര്‍ക്ക്. മണിക്കൂറുകള്‍ കാത്ത് നിന്ന് ചിലര്‍ക്ക് കിട്ടി , ചിലര്‍ക്ക് കിട്ടിയില്ല
വെണ്ടര്‍ ഒാഫീസുകള്‍ക്ക് മുമ്പിലെല്ലാം ഇതാണ് സ്ഥിതി. നാലുമാസത്തോളമായി മുദ്രപത്ര ക്ഷാമം തുടങ്ങിയിട്ട്. മുദ്ര പത്രത്തിന് പകരം ഇ സ്റ്റാംപിങ് രീതി നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വന്നിട്ട് മൂന്നു വര്‍ഷത്തോളമായി. ഇതനുസരിച്ച് നാസിക്കില്‍ നിന്ന് ഒാര്‍ഡര്‍ ചെയ്ത് മുദ്ര പത്രങ്ങള്‍ വരുത്തുന്നത് നിര്‍ത്തി . ഇ സ്റ്റാംപിങ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനുമായില്ല.
പൂര്‍ണമായും ഇ സ്റ്റാംപിങ് രീതിയിലേക്ക് മാറുകയോ ആവശ്യമായ മുദ്ര പത്രങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് വെണ്ടര്‍മാരും ജനങ്ങളും ആവശ്യപ്പെടുന്നത്.