നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്തുപത്മനാഭന് കേരളത്തിൽ ആദ്യ ക്ഷേത്രം ഒരുങ്ങി. പത്തനംതിട്ട തട്ടയിൽ ആണ് ക്ഷേത്രം . തന്നെ ദൈവം ആക്കരുത് എന്നാണ് മന്നത്തു പത്മനാഭൻ പറഞ്ഞിട്ടുള്ളതെങ്കിലും കാലം മാറിയെന്നാണ് കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്.
എൻഎസ്എസ്സിന്റെ ആസ്ഥാനം ചങ്ങനാശേരി പെരുന്നയിൽ ആണെങ്കിലും കരയോഗങ്ങൾക്ക് തുടക്കമായത് തട്ടയിൽ ആയിരുന്നു. ഒന്നും രണ്ടും നമ്പർ കരയോഗങ്ങൾ തട്ടയിലും മൂന്നാം നമ്പർ കരയോഗം കുരമ്പാലയിലും. ഇന്ന് കരയോഗങ്ങളുടെ എണ്ണം 6000 കടന്നു. 1928 ഡിസംബർ 15 ന് ഒന്നാംനമ്പർ കരയോഗം തുടങ്ങിയ തട്ട ഇട യിരേത്ത് കുടുംബ ട്രസ്റ്റ് ആണ് ക്ഷേത്രം നിർമ്മിച്ചത്.
കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിയാണ് ക്ഷേത്രരൂപ കൽപന. കരമന ശശികുമാറാണ് മന്നത്തു പത്മനാഭന്‍റെ വെങ്കല പ്രതിമ തയ്യാറാക്കിയത്. അരനൂറ്റാണ്ടിനു ശേഷം അദ്ദേഹം ഒരു ദൈവമായിരുന്നു എന്ന് തിരിച്ചറിഞ്ഞു എന്നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് ജി സുകുമാരൻ നായർ പറഞ്ഞത്. ഇനിയും കൂടുതൽ ക്ഷേത്രങ്ങൾ ഉയരും എന്നുകൂടി അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് പന്തളം താലൂക്ക് യൂണിയന്‍റെ കൂടി മേൽനോട്ടത്തിൽ ആയിരുന്നു ക്ഷേത്രനിർമ്മാണം.