angamaly-suicide

TOPICS COVERED

അങ്കമാലിയിൽ നാലംഗ കുടുംബം വീടിനുള്ളില്‍ വെന്തുമരിച്ചത് അപകടമല്ല ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് കുര്യന്‍ തലേദിവസം കാനില്‍ പെട്രോള്‍ വാങ്ങിയെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബിനീഷ് കുര്യന് കോടികളുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 

 

ജൂണ്‍ എട്ടിനാണ് പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ ഭാര്യ അനുമോൾ മക്കളായ ജൊവാന, ജെസ്വിൻ എന്നിവര്‍ മരിച്ചത്. പുലർച്ചെ വീടിന്‍റെ രണ്ടാം നിലയിലയിലെ കിടപ്പ്മുറിയിലായിരുന്നു തീപ്പിടിത്തം. സമീപത്തെ മറ്റൊരു മുറിയിലേക്കും തീ ആളിപടര്‍ന്നതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസിന് അസ്വാഭാവികത പ്രകടമായി. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിനു കാരണമെന്ന് സ്ഥലതെത്തിയ റൂറല്‍ എസ്പി വൈഭവ് സക്സേന അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

ആ സംശയത്തെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് നയിക്കുന്നത്. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മരിക്കുന്നതിന് തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ കാനുമായി വീട്ടിലെത്തുന്നതാണ് ദൃശ്യങ്ങളില്‍. ഈ കാന്‍ തീപിടുത്തമുണ്ടായ കിടപ്പുമുറിയില്‍ എത്തിച്ചതായും പൊലീസ് കണ്ടെത്തി. മറ്റൊരാളും പിന്നീട് മുറിയിലെത്തിയിട്ടില്ലെന്നും പൊലീസ് ഉറപ്പിച്ചു. ആത്മഹത്യയ്ക്ക് പ്രേരണയായത് കോടികളുടെ സാമ്പത്തികബാധ്യതയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബാധ്യത തീര്‍ക്കാന്‍ ബിനീഷ് പലമാര്‍ഗങ്ങള്‍ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. മരണത്തിലെ ദുരൂഹത പൂര്‍ണമായും നീക്കാന്‍ രാസപരിശോധനഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പൊലീസ്. എ.സിയിലുണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. 

The death of a family in Angamaly is suspected to be a case of suicide. Police are investigating the circumstances surrounding the tragic incident.: