സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയവരുടെ എണ്ണം മുപ്പത്തിയാറായിരം കവിഞ്ഞു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കാണിത്. ആത്മഹത്യ ചെയ്തവരില്‍ കൂടുതലും പുരുഷന്‍മാരാണ്.   

കേരളത്തിലെ ആത്മഹത്യകളുടെ കണക്കെടുക്കാന്‍ 485 പൊലീസ് സ്റ്റേഷനുകളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി.  കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് വിവരാവകാശ അപേക്ഷകള്‍ നല്‍കിയത്. ഇതില്‍, 365 സ്റ്റേഷനുകളില്‍ നിന്ന് കണക്കുകള്‍ കിട്ടി. നൂറിലേറെ സ്റ്റേഷനുകളില്‍ നിന്ന് വിവരങ്ങള്‍ തന്നില്ല. അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം, 36,212 പേര്‍ സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കി. ചില സ്റ്റേഷനുകളില്‍ നിന്ന് വേര്‍തിരിച്ച് കണക്കുകള്‍ നല്‍കിയിട്ടുമില്ല. ലഭ്യമായ കണക്കുകള്‍ അനുസരിച്ച്, പുരുഷന്‍മാര്‍ 21,476. സ്ത്രീകള്‍ 5585. കുട്ടികള്‍ 595. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കുറവ് കാസര്‍കോട്ടുമാണ്. വിഷാദ രോഗമാണ് കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ലഹരി ഉപയോഗംമൂലമുള്ള പ്രശ്നങ്ങള്‍. ഈ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആത്മഹത്യാ പ്രവണത തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. 120 സ്റ്റേഷനുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ല. ഈ സ്റ്റേഷനുകളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഇനിയും എണ്ണം കൂടും. 

ENGLISH SUMMARY:

Thirty six thousand people committed suicide in Kerala in 5 years