പി.എസ്.സി കോഴ വിവാദത്തിൽ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പാർട്ടിക്ക് മറുപടി നൽകി. മറുപടി പരിശോധിച്ച ശേഷമാകും നടപടി തീരുമാനിക്കുക. ചിരിക്കുന്ന എല്ലാവരും സുഹൃത്തുക്കൾ അല്ലെന്നും, കുടുംബത്തെയെങ്കിലും തന്‍റെ നിരപരാധിത്വം ബോധിപ്പിക്കണമെന്നും പ്രമോദ് പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ട് എത്തിയാണ് അന്വേഷണ കമ്മീഷന് മുമ്പാകെ പ്രമോദ് കോട്ടൂളി മറുപടി നൽകിയത്. ആരോപണത്തിന്‍റെ വസ്തുത പുറത്തുവരണം, യാഥാര്‍ഥ്യം പാര്‍ട്ടി കണ്ടെത്തട്ടെയെന്നും പ്രമോദ് പറഞ്ഞു.
പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ ആരോപണത്തിന്റെ പിന്നിൽ മറ്റുചിലർ ഉണ്ടെന്ന വ്യക്തമായ സൂചനകൾ പ്രമോദ് നൽകുന്നുണ്ട്. ലക്ഷങ്ങളുടെ പണമിടപാട് നടത്താത്ത തന്റെ അക്കൗണ്ട് പാർട്ടിക്ക് പരിശോധിക്കണമെന്ന് വ്യക്തമാക്കിയ പ്രമോദ് രേഖകളും ഹാജരാക്കി. ആരോപണത്തിന് പിന്നിൽ വിഭാഗീയതയാണോ എന്ന് ചോദ്യത്തിന് പാർട്ടി പരിശോധിക്കട്ടെ എന്നാണ് മറുപടി. പ്രമോദിന്റെ മറുപടി പരിശോധിച്ച ശേഷം ആകും നടപടി പ്രഖ്യാപിക്കുക. പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികളാണ് സിപിഎം ആലോചിക്കുന്നത്.