വിഴിഞ്ഞത്ത് മദര്‍ഷിപ്പെത്തിയതിലൂടെ സ്വപ്നം തീരമണയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ കേരളത്തിനായി ഔദ്യോഗിക സ്വീകരണം നല്‍കുമെന്നും ഫെയ്സ്ബുക് പോസ്റ്റില്‍. ‘സ്വപ്നം തീരമണയുന്നു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ എത്തി. നാളെ രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം നൽകും’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം വികസന സ്വപ്നങ്ങള്‍ പുത്തന്‍ ചിറകുകളേകി ആദ്യ മദര്‍ഷിപ്പ് 'സാന്‍ ഫെര്‍ണാണ്ടോ' വിഴിഞ്ഞം തുറമുഖം തൊട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചാണ് കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത്. കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ട്രയല്‍ റണ്‍ ഉദ്ഘാടനവും മദര്‍ഷിപ്പിന് സ്വീകരണവും നാളെ നടക്കും.
ജൂലൈ 2ന് ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട് എട്ട് ദിവസത്തെ യാത്രക്കൊടുവിലാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തുന്നത്. ഡാനിഷ് കണ്ടെയ്നർ ഷിപ്പ് കമ്പനി മെസ്ക് ലൈനിന്‍റേതാണ് ഒൻപത് വർഷം പഴക്കമുള്ള കപ്പല്‍. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ബർത്തിങ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസും നടക്കും. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. ഇതിനായി വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയിനുകള്‍ ഉപയോഗിക്കും.