ആലുവ ചെങ്ങമനാട് പത്താം ക്ലാസുകാരന്‍റെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമെന്ന് പിതാവ്. ഗെയിമിലെ ടാസ്കിനിടെയാണ് മകന്‍റെ മരണമെന്ന് കരുതുന്നതായി പിതാവ് ജെയ്മി മനോരമ ന്യൂസിനോട് പറഞ്ഞു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പും മുറിയ്ക്കുള്ളില്‍ പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും, ഇത് ഗെയിമിന്‍റെ ഭാഗമാണെന്നും കുടുംബം സംശയിക്കുന്നു.
ജീവനെടുക്കാം പാകത്തില്‍ ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമുകള്‍ ഇപ്പോഴും സജീവമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥി അഗ്നലിനെ വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെയിന്‍കോട്ടിട്ട് കൈകെട്ടി വായില്‍ ടെയ്പ്പൊട്ടിച്ച് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ് ഗെയിമിലെ ടാസ്കാണ് മരണകാരണമെന്ന് സംശയിക്കാന്‍ കാരണം.
പഠനാവശ്യങ്ങള്‍ക്കായി മാതാപിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ അഗ്നല്‍ ഉപയോഗിച്ചിരുന്നു. ഇത് മറ്റാരും കാണാതിരിക്കാന്‍ ലോക്ക് ചെയ്തായിരുന്നു ഉപയോഗം. കഴിഞ്ഞ ദിവസങ്ങളില്‍ മുറിയില്‍ നടത്തിയ ചില പരീക്ഷണങ്ങളും കുടുംബത്തിന്‍റെ സംശയം ബലപ്പെടുത്തുന്നു.
ഗെയിമിങ് ആപ്പുകളിലെ വിശദാംശങ്ങളുള്‍പ്പെടെ ശേഖരിക്കാന്‍ അഗ്നല്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസിന്‍റെ അന്വേഷണം.