എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ തര്‍ക്കം. ‘എയിംസ്’, പാണത്തൂര്‍ റെയില്‍പാത എന്നിവയില്‍ സര്‍ക്കാര്‍ അവഗണനയാണ് നേരിടുന്നതെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. റയില്‍പാതയ്ക്ക് എന്‍ഒസി നല്‍കുന്നില്ലെന്ന് എം.പി പറഞ്ഞതോടെ ഇത് എം.പിയുടെ കൈയ്യില്‍തന്നെ തരാം എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. കളിയാക്കരുതെന്നും പലതും കണ്ടാണ് ഇവിടംവരെ എത്തിയതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു.
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉള്‍പ്പെടെ ധനകാര്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംയുക്തമായി നിവേദനം നല്‍കാമെന്ന് യോഗത്തില്‍തീരുമാനിച്ചു. കേരളത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുമെന്ന് കെ.സി.വേണുഗോപാല്‍ യോഗത്തില്‍ പറയുകയും അത് ഉള്‍ക്കൊള്ളുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.