കെ പി സി സി സംസ്ഥാന ക്യാംപ് എക്‌സിക്യൂട്ടീവിന് നാളെ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമാകും. രണ്ടു ദിവസത്തെ ക്യാംപില്‍ ദേശീയ സംസ്ഥാന ഭാരവാഹികളടക്കം 123 പ്രതിനിധികളാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഉണ്ടാക്കിയ നേട്ടവും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവും യോഗത്തില്‍ ചര്‍ച്ചയാവും.
രണ്ടാം തവണയാണ് സംസ്ഥാന എക്‌സിക്യൂട്ടീവിന് വയനാട് വേദിയാകുന്നത്. 16 ന് രാവിലെ ആരംഭിച്ച് 17 ന് ഉച്ചയോടെ അവസാനിക്കും. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് പ്രിയങ്ക ഗാന്ധി എത്തുന്ന സാഹചര്യത്തില്‍ ക്യാംപ് എക്‌സിക്യൂട്ടീവിന് ഇത്തവണ ഇരട്ടി പ്രാധാന്യമാണ് പാര്‍ട്ടി നല്‍കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ മുഴുവന്‍ സമയവും ക്യംപിലുണ്ടാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്കാ ഗാന്ധിയും ഓണ്‍ലൈനായും പങ്കെടുത്തേക്കുമെന്നാണ് വിവരം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ ദയനീയ തോല്‍വിയും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും ക്യാംപില്‍ ചര്‍ച്ചയാകും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രാഥമിക ചര്‍ച്ചയും ബി ജെ പി വോട്ടിലുണ്ടായ വര്‍ധനവും യോഗം വിലയിരുത്തും. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷം പിന്നിടാനും തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുമുള്ള തന്ത്രങ്ങള്‍ക്ക് ക്യാംപ് രൂപം നല്‍കും. തൃശൂരിലെ തോല്‍വിയോടെ ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരന്‍ യോഗത്തിനെത്തില്ലെന്നാണ് വിവരം..