school

TOPICS COVERED

കാസർകോട് കരിന്തളത്ത് വീടിന് മുകളിൽ മരം വീണ് വായോധികയ്ക്ക് പരുക്കേറ്റു. പാലക്കാട്‌ സ്‌കൂളിന് മുകളിലും കണ്ണൂരിൽ വീടിന് മുകളിലും മരം വീണു. ആർക്കും പരുക്കില്ല.

പാലക്കാട് തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് സ്വകാര്യ ഭൂമിയിലെ തേക്ക് കടപുഴകി വീണത്. ഓടിട്ട മേൽക്കൂര തകർന്നതിനൊപ്പം ചുമരുകൾക്കും ബലക്ഷയമുണ്ടായി. വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാസർകോട് കരിന്തളത്ത് വീടിനു മുകളിൽ മരം വീണ് വീട് പൂർണ്ണമായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവൻ്റെ വീടാണ് തകർന്നത്. പുറത്തേക്ക് ഓടുന്നതിനിടയില്‍ രാഘവന്റെ ഭാര്യ തമ്പായിക്ക് പരുക്കേറ്റു. . കുമ്പള ആരിക്കാടിയിൽ സദാശിവയുടെ വീടും  കാറ്റിൽ തകർന്നു. സംഭവ സമയത്ത് സദാശിവ വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് വടകരയിൽ കനത്ത മഴയിലും കാറ്റിലും റോഡരികിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം കടപുഴകി വീണു. കാറിനകത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി. കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുകളിൽ  മരം വീണ് മേൽക്കൂര തകർന്നു.ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിലെ ശ്രീരഞ്ജിനിയുടെ വീടാണ് തകർന്നത്.ആർക്കും പരുക്കില്ല. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ ചെറുമരങ്ങള്‍ കടപുഴകിവീണു. കുറ്റ്യാടി വായാട്ട് നസീറിന്‍റെ വീടിന് മുകളിലേക്കാണ് മരങ്ങള്‍ വീണത്. ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതവും  തടസപ്പെട്ടു. കൊമ്മാടിയില്‍ കാറ്റിലും മഴയിലും ഹോട്ടലിന്റെ മേല്‍ക്കൂര തകര്‍ന്നു

കൊമ്മാടി ജംഗ്ഷനിലെ കൈലാസ് ഹോട്ടലാണ് തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട വള്ളിക്കോട്ട് അങ്കണവാടിക്ക് മുകളില്‍ മരക്കൊമ്പ് ഒടി​ഞ്ഞുവീണു. ആര്‍ക്കും പരുക്കില്ല. കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. കനത്തമഴയെത്തുടര്‍ന്ന്  ഇടുക്കിയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. 

Tree fell on top of Palakkad schoo: