bird-control

TOPICS COVERED

പക്ഷിപ്പനിയുടെ പേരിൽ എട്ടുമാസത്തേക്ക് കോഴി, താറാവ് , കാട എന്നിവ അടക്കമുള്ളവയെ വളർത്തുന്നത് നിരോധിക്കാനുള്ള നീക്കത്തിൽ ആശങ്കയുമായി കർഷകർ. ജീവിതം വഴിമുട്ടുമ്പോൾ എന്തു ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. രോഗംബാധിക്കാത്ത പക്ഷികളെ കൊന്നൊടുക്കുന്നതും  പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തുന്നതിനും പകരം വാക്സിനേഷൻ അടക്കമുള്ളവയും ബദൽ മാർഗങ്ങളും ഏർപ്പെടുത്തണമെന്നാണ് കർഷകർ പറയുന്നത്. 

 

നൂറുകണക്കിന് ആളുകളാണ് കോഴി , താറാവ്, കാട അടക്കമുള്ള പക്ഷികളെ വളർത്തി ഉപജീവനം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് നൽകുന്ന തരത്തിൽ ആനുകൂല്യങ്ങളൊന്നും  കോഴി - താറാവ് കർഷകർക്ക് ഇവിടെ  കിട്ടുന്നുമില്ല. ആലപ്പുഴ ജില്ലയിൽ പൂർണമായും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭാഗികമായും എട്ടു മാസം പക്ഷി വളർത്തൽ നിരോധനം നടപ്പാക്കണമെന്നാണ്. വിദഗ്ധ സമിതിയുടെ നിർദ്ദേശം. അഞ്ഞൂറും ആയിരവും കോഴികളെയും താറാവുകളെയും വളർത്തി തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇടത്തരം കർഷകരാണ് കേരളത്തിൽ കൂടുതൽ. അനുബന്ധമേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ വേറെയുണ്ട്. നിരോധനം വന്നാൽ ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലാകും. രോഗം ബാധിക്കാത്ത പക്ഷികളെയും കൊന്നൊടുക്കുന്നത് ഒഴിവാക്കണമെന്നും വാക്സിനേഷൻ വ്യാപകമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം

ലക്ഷങ്ങൾ വായ്പ എടുത്താണ് പല കർഷകരും ഈ മേഖലയിൽ നിലനിൽക്കുന്നത്.ദേശാടനപ്പക്ഷികളിൽ നിന്ന് രോഗം പടരുന്നു എന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ ഇവയെ നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. 15 ദിവസം കൂടുമ്പോൾ കേന്ദ്ര സർക്കാരിന് രോഗത്തെക്കുറിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഏതെങ്കിലും സ്ഥലത്ത് രോഗം പോസിറ്റീവായി തുടരുന്നത് കണ്ടാൽ നിയന്ത്രണവും നിരോധനവും നീളും.

ENGLISH SUMMARY:

Farmers are worried about the move to ban the rearing of chickens, ducks and quails for eight months due to bird flu