ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി കേരളത്തിലെ രാഷ്ട്രീയചിത്രം മാറ്റിവരച്ച മണ്ഡലമാണ് തൃശൂർ. 2019ലെ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം മണ്ഡലത്തിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപി ഇക്കുറി തുടക്കം മുതൽ മറ്റ് സ്ഥാനാർഥികളേക്കാൾ പ്രചാരണ രംഗത്ത് മുന്നിലായിരുന്നു. വലിയ റാലികളെക്കാൾ താഴേത്തട്ടിൽ ആളുകളെ നേരിൽക്കണ്ടുള്ള പ്രചാരണത്തിനായിരുന്നു മുൻതൂക്കം. ഒടുവിൽ 74,686 വോട്ടിന് ചരിത്രവിജയം കുറിക്കുകയും ചെയ്തു. ആ ജയത്തിന് ബിജെപി നൽകിയ ‘വില’ എന്തായിരുന്നു?
തിരഞ്ഞെടുപ്പുചെലവ് സംബന്ധിച്ച അന്തിമ ഔദ്യോഗിക കണക്കുകൾ തിരഞ്ഞെടുപ്പുകമ്മിഷൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെക്കാൾ കുറവാണ് ബിജെപി തൃശൂരിൽ ചെലവഴിച്ച പണം. 59.42 ലക്ഷം രൂപ. എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനും 70 ലക്ഷം രൂപയിലധികം ചെലവഴിച്ചതായി കമ്മിഷനെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയാണ്. തിരഞ്ഞെടുപ്പിനുശേഷം നിശ്ചിത സമയത്തിനകം സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മിഷന് മുഴുവൻ കണക്കും സമർപ്പിക്കണമെന്നാണ് ചട്ടം.
തൃശൂരിൽ ബിജെപി ചെലവിട്ടത്
സുരേഷ് ഗോപി നിയമാനുസൃതം സമർപ്പിച്ച ഔദ്യോഗിക കണക്കനുസരിച്ച് തിരഞ്ഞെടുപ്പിന് ചെലവഴിച്ചത് 59,42,085 രൂപയാണ്. പൊതു യോഗങ്ങളും റാലികളും സംഘടിപ്പിക്കാൻ 7,62,650 രൂപ. താരപ്രചാരകരെ എത്തിച്ച വകയിൽ 9,08,754 രൂപ. പ്രചാരണ വാഹനങ്ങൾക്ക് 13,79,400. ക്രിമിനൽ കേസുകൾ സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കാൻ 60,889 രൂപ. പ്രവർത്തകർക്കുള്ള ചെലവ് 2.58 ലക്ഷം എന്നിങ്ങനെയാണ് ബിജെപിയുടെ ചെലവ്.
മണ്ഡലത്തിലുടനീളമുള്ള ഫ്ലെക്സുകൾ സ്ഥാപിക്കാൻ ചെലവായത് 20,66,186 രൂപയാണ്. ചുമരെഴുതാൻ വേണ്ടിവന്നത് 2,41,000 രൂപ. പോളിങ് ബൂത്തിന് സമീപം കിയോസ്കുകൾ സ്ഥാപിച്ചതിനും സ്ലിപ്പ് വിതരണത്തിനും കാണിച്ചിരിക്കുന്ന ചെലവ് 2 ലക്ഷം രൂപയാണ്. ഏപ്രിൽ 15 ന് നരേന്ദ്രമോദി തൃശൂരിലെത്തി നടത്തിയ പ്രചാരണത്തിന് 9,08,754 രൂപ ചെലവായി. ചെലവുകൾക്ക് പാർട്ടി 60,40,000 രൂപ നൽകി. തിരഞ്ഞെടുപ്പിന് സ്വന്തം പണം ഉപയോഗിച്ചില്ലെന്നും കമ്പനി, വ്യക്തികൾ എന്നിവരിൽ നിന്ന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച രേഖകൾ പ്രകാരം തൃശൂരിൽ കൂടുതൽ പണം ചെലവഴിച്ചത് എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറാണ്. 79,28,729 രൂപയാണ് സുനിൽകുമാർ ചെലവാക്കിയത്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 30,000 രൂപ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു. പാർട്ടി വകയായി 20.50 ലക്ഷം രൂപ ലഭിച്ചു. എൽഡിഎഫിൽ നിന്ന് 59,70,074 രൂപയും സ്വീകരിച്ചു. ഇത്തരത്തിൽ എൽഡിഎഫിന് സ്ഥാനാർഥിക്ക് ആകെ 80,50,074 രൂപ ലഭിച്ചു. താരപ്രചാരകരായ പിണറായി വിജയൻ, ഡി രാജ, എംഎ ബേബി, വൃന്ദാ കാരാട്ട്, അമർജിത് കൗർ എന്നിവർ പ്രചാരണത്തിന് എത്തിയ വകയിൽ 9,22,493 ചെലവായി. ചുമരെഴുതാൻ 4.56 ലക്ഷവും ബോർഡുകൾക്ക് 4.25 ലക്ഷവുമാണ് ചെലവ്.
യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ ആകെ 77,30,724 രൂപയാണ് ചെലവാക്കിയത്. മുരളീധരനായി തൃശൂരിലെത്തിയ താരപ്രചാരകർ ഡികെ ശിവകുമാറും വിഡി സതീശനും ദീപാദാസ് മുൻഷിയുമാണ്. ഈ ഇനത്തിൽ 1,15,900 രൂപ ചെലവായി. ചുമരെഴുതാൻ 2,38,000 രൂപയും പോസ്റ്ററും നോട്ടീസുമടിക്കാൻ 19,88,832 രൂപയുമാണ് ചെലവ്. ഈ പറഞ്ഞതെല്ലാം സ്ഥാനാർഥികൾ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ മാത്രമാണ്. ലോക്സഭാതിരഞ്ഞെടുപ്പിന് സ്ഥാനാർഥികളും പാർട്ടികളും പലവിധത്തിൽ ചെലവഴിക്കുന്ന പണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരാറില്ല.