പുരസ്ക്കാരം നൽകാനായി എത്തിയ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാത്രമല്ല, ഇത്തരമൊരു സംഭവം ഉണ്ടായിട്ടും വേദിയില്‍ പ്രതികരിക്കാതിരുന്നവരെയും രാഹുൽ പരിഹസിച്ചു. ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പരിഹാസം.
എം.ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസിന്റെ ട്രെയ്‌ലർ റിലീസ് വേദിയിലായിരുന്നു സംഭവം. രമേശ് നാരായണ്‍ പുരസ്ക്കാരം നല്കാൻ എത്തിയ ആസിഫ് അലിയെ അവഗണിക്കുകയും സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായണൻ പുരസ്കാരം വാങ്ങുകയുമായിരുന്നു. വിഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ സംഗീത സംവിധായകനെതിരെ വിമര്‍ശനം ശക്തമായി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയിൽ.
ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.
ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....