liquor

TOPICS COVERED

ഓൺലൈൻ ഭക്ഷണവിതരണക്കമ്പനികൾ വഴി മദ്യവും വീട്ടിലെത്തിക്കാൻ വഴിയൊരുങ്ങുന്നു. സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് എന്നിവയുമായി സഹകരിച്ച്  കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, തമിഴ്നാട്, ഗോവ എന്നിവയാണ് കേരളത്തിന് പുറമെ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്. പുതിയ മദ്യനയം സംബന്ധിച്ച് വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ കേരളം ഇതുമായി മുന്നോട്ടുപോകുമോ എന്ന് വ്യക്തമല്ല. 

ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താലുള്ള ഗുണദോഷങ്ങളെപ്പറ്റി സർക്കാറുകൾ പഠനം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ഇടപാട് രേഖകൾ, ഉപഭോക്താക്കളുടെ പ്രായം, മദ്യവിതരണത്തിനുള്ള സമയം, ഡ്രൈ ഡേ തുടങ്ങിയ നിയമപരമായ കാര്യങ്ങളും ഓൺലൈൻ വിതരണത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ ബീയറും വൈനുമായിരിക്കും കമ്പനികൾ വീട്ടിലെത്തിക്കുക. കോവിഡ് കാലത്ത് മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിൽ കർശന ഉപാധികളോടെ ഓൺലൈൻ മദ്യ വിതരണം അനുവദിച്ചിരുന്നു. 

2020-ൽ  കോവിഡ് ലോക്ഡൗൺ സമയത്ത് ഭക്ഷണ വിതരണ ബിസിനസ് കുറഞ്ഞപ്പോൾ സ്വിഗ്ഗിയും സൊമാറ്റോയും മെട്രോ ഇതര മേഖലകളിൽ ഓൺലൈൻ മദ്യവിതരണം ആരംഭിച്ചിരുന്നു. കോവി‍ഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഈ അനുമതികൾ പിൻവലിച്ചെങ്കിലും മഹാരാഷ്ട്രയിലെ ചില പ്രാദേശിക പ്ലാറ്റ്‌ഫോമുകൾ ഡെലിവറി സേവനം തുടരുന്നുണ്ട്. നിലവിൽ ഒഡിഷയും പശ്ചിമ ബംഗാളും മാത്രമാണ് ഓൺലൈൻ വഴി മദ്യവിതരണം അനുവദിക്കുന്നത്. 

ഒഡിഷയിലും ബംഗാളിലും മദ്യവിതരണം ആരംഭിച്ചതോടെ കമ്പനികളുടെ വിൽപ്പനയിൽ 20-30 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് ബ്രൂവറീസ് അടക്കമുള്ള നിരവധി മദ്യ നിർമാണക്കമ്പനികൾ ഓൺലൈൻ വിതരണത്തിന് അനുകൂല നിലപാടുള്ളവരാണ്.

ENGLISH SUMMARY:

Seven states including Kerala Planning To Deliver Liquor Through Online Food Delivering Platforms