സംസ്ഥാനത്ത് അവയവമാഫിയയെ വളർത്തുന്നത് സർക്കാരിന്‍റെ അലംഭാവമെന്ന് രേഖകൾ. ജീവിച്ചിരിക്കുന്നവർക്ക് അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള റജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട് എന്നത് ജനങ്ങളെ അറിയിക്കാൻ ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. അവയവങ്ങൾ ലഭിക്കാൻ മറ്റൊരു മാർഗവുമില്ലാതെ സ്വീകർത്താക്കൾ വൻതുക നൽകി ബ്രോക്കർമാരെ സമീപിക്കുമ്പോഴും സർക്കാർ നടപടി എടുക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. 

ഏതെങ്കിലും അവയവം ആവശ്യമുണ്ടെന്നോ, അവയവം നൽകാൻ ഒരാൾ തയ്യാറുണ്ടെന്നോ കാണിച്ച് പരസ്യം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. സർക്കാരിന്‍റെ മൃതസഞ്ജീവനി പട്ടികയിൽ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്  ആവശ്യക്കാർക്കുള്ള ഏക വഴി. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ഈ പട്ടിക വഴിയാണ് സ്വീകർത്താക്കളിലേക്ക് എത്തുന്നത്. എന്നാൽ പട്ടികവഴി അവയവങ്ങൾ ലഭിക്കുന്നവരുടെ എണ്ണം നന്നേ കുറവായതിനാൽ ആയിരങ്ങളാണ് കാത്തിരിക്കുന്നത്. വൃക്കയ്ക്കായി 2259 പേരും, കരളിനായി 408 പേരും കാത്തിരിക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു. 71 പേരാണ് ഹൃദയത്തിനായി പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ. മൃതസഞ്ജീവനി പട്ടിക വഴി അവയവങ്ങൾ ലഭിക്കാതാകുമ്പോൾ ഇടനിലക്കാരെ സമീപിക്കുകയാണ് പലരും ചെയ്യുന്നത്. ഇതല്ലാതെ അവയവങ്ങൾ ലഭിക്കാൻ മറ്റ് പ്ലാറ്റ്ഫോമുകൾ ഉണ്ടോ എന്ന് ജനങ്ങൾക്ക് അറിയാത്തതാണ് പ്രശ്നം.

വൃക്കക്ക് ശരാശരി 20 ലക്ഷവും, കരളിന് 18 ലക്ഷവുമാണ് ഇടനിലക്കാർ ഈടാക്കുന്നത്. ഇതിൽ ഏഴു മുതൽ പത്ത് ലക്ഷം വരെ മാത്രമാണ് ദാതാവിന് ലഭിക്കുന്നത്. ബാക്കി തുക ഇടനിലക്കാർ കൈക്കലാക്കും. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു വ്യക്തി അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെങ്കിൽ അത് റജിസ്റ്റർ ചെയ്യാനുള്ള പ്ലാറ്റ്ഫോം നിലവിലുണ്ടെന്ന് സർക്കാർ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചാൽ ഈ പകൽക്കൊള്ള ഒഴിവാക്കാൻ സാധിക്കും.

ENGLISH SUMMARY:

Records show that it is the government's indifference that is growing the organ mafia in the state