KOCHI 2018 OCTOBER 22 : Athletes back to home after the sports meet disperse by heavy rain at Kothamangalam during district school athletic meet going on @ Josekutty Panackal

File photo

TOPICS COVERED

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.‌ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെന്നും മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. പാലക്കാട്ടെ മലയോരമേഖലയിലേയ്ക്കുള്ള രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കനത്ത മഴയും വൈദ്യുതി തടസവും കാരണമാണ് വിനോദസഞ്ചാരം നിരോധിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിയന്ത്രണം തുടരും.

 

കോഴിക്കോട്

ജില്ലയിൽ തീവ്ര മഴയുള്ളതിനാലും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

വയനാട്

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് ജില്ലയിലെ പ്രഫഷനൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

പാലക്കാട് 

ജില്ലയില്‍ അവധികനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പ്രഫഷനൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്

ഇടുക്കി

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം റോഡ് ബ്ലോക്ക്, മുതലായ സാഹചര്യം നിലനിൽക്കുന്നതിനാലും, ഇന്ന് പ്രഫഷനൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുന്നതാണ്. അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ 

ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് ഇത് ബാധകമല്ല.

തൃശൂര്‍

ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് ഇന്ന് പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കണ്ണൂര്‍

കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ഇന്ന് അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കോട്ടയം 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ENGLISH SUMMARY:

Kerala rain: Holiday for educational institutions in 8 districts, orange alert in 5