ഉമ്മന്‍ ചാണ്ടിയുടെ പൂര്‍ണകായ മെഴുകു പ്രതിമ കണ്ട് വിതുമ്പി ഭാര്യ മറിയാമ്മയും മകള്‍ മറിയയും. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സുനില്‍സ് വാക്സ് മ്യൂസിയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഊര്‍ജസ്വലനായ ഉമ്മന്‍ ചാണ്ടി മുമ്പില്‍ വന്ന് നില്‍ക്കുന്നതായി തോന്നുന്നുവെന്നായിരുന്നു മറിയാമ്മയുടെ പ്രതികരണം.
ഖദര്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ഉമ്മന്‍ ചാണ്ടി ...ജനക്കൂട്ടത്തെ കാണുമ്പോള്‍ ഹൃദയം നിറഞ്ഞ് പുറത്തു വരുന്ന അതേ പുഞ്ചിരി മുഖത്ത് ... ട്രേഡ് മാര്‍ക്കായ ചീകിയൊതുക്കാത്ത ആ മുടിയിഴകള്‍ പോലും അതുപോലെ തന്നെ .. പ്രിയപത്നി മറിയാമ്മ ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഒന്നു നോക്കി നിന്നു. ഏറെ സ്നേഹത്തോടെ ആ മുഖത്ത് തൊട്ടു. കൈയില്‍ പിടിച്ചു നോക്കി , ചേര്‍ന്നു നിന്നു. പിന്നെ ഒാര്‍മകള്‍ തിര തളളിയപ്പോള്‍ കണ്ണു നിറഞ്ഞ് വിതുമ്പി....പിതാവിന്റെ ഒറിജിനലിനെ തോല്പിക്കുന്ന രൂപം മുന്നില്‍ കണ്ട് മകള്‍ മറിയയും വിങ്ങിപ്പൊട്ടി.
മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയും കൊച്ചുമകന്‍ എഫിനോവയും ചടങ്ങിനെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അളവുകളെടുത്ത് നിര്‍മിക്കാനുദേശിച്ച പ്രതിമ പൂര്‍ത്തിയായത് ഒന്നാം ചരമവാര്‍ഷികമെത്തുമ്പോള്‍. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ തന്നെയാണ് അണിയിച്ചിരിക്കുന്നത്. ശില്പി സുനില്‍ കണ്ടല്ലൂര്‍ നിര്‍മിച്ച പ്രതിമ അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലെ വാക്സ് മ്യൂസിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.