iuml-samastha-02

ഒരിടവേളയ്ക്കു ശേഷം ലീഗും സമസ്തയും വീണ്ടും ഇടയുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത വിദ്യാര്‍ഥി വിഭാഗത്തിലെ ചിലര്‍ രംഗത്തുവന്നു. അതിനിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമസ്തയിലെ ഒരു വിഭാഗം അധിക്ഷേപിച്ചെന്ന ആരോപണവുമായി സമസ്തയിലെ യുവജനവിഭാഗവും രംഗത്തെത്തി. 

എറണാകുളത്തെ ലീഗ് യോഗത്തിൽ പി.എം.എ.സലാം നടത്തിയ ഈ പ്രസംഗം സുന്നികളെ അപഹസിക്കുന്നതാണെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ആരോപിക്കുന്നത്. മുജാഹിദ് വിഭാഗക്കാരനായ പി.എം.എ.സലാം സമസ്ത പണ്ഡിതൻമാർ അടക്കമുള്ള സുന്നികളെ പ്രസംഗത്തിലൂടെ പരിഹസിക്കുകയായിരുന്നെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സുന്നി വിശ്വാസ ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സംസ്ഥാന ജന.സെക്രട്ടറിയെ നിയന്ത്രിക്കാൻ മുസ്‍ലിം ലീഗ് നേതൃത്വം തയാറാകണമെന്ന് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

 

അതിനിടെ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ അധിക്ഷേപിച്ചെന്ന് ആരോപണവും ഉയര്‍ന്നുവന്നു. സമസ്തയുടെ യുവജന വിഭാഗമായ ‍എസ്‍വൈഎസിലെ ലീഗിനൊപ്പം നില്‍ക്കുന്നവരാണ് ആരോപണം ഉയര്‍ത്തിയത്. വാഫി, വഫിയ്യ സംവിധാനവുമായി ബന്ധപ്പെട്ട് എസ്‍വൈഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രസംഗം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം വിവാദമാക്കുകയായിരുന്നു. തുടർന്ന് സാദിഖലി തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക അധിക്ഷേപവുണ്ടായി.

 എന്നാൽ പ്രസംഗത്തിന്റെ പേരിൽ സാദിഖലി തങ്ങളെ അധിക്ഷേപിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സുന്നി യുവജന സംഘത്തിലെ ലീഗ് അനുകൂല നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ മുൻ നേതാവും പ്രമുഖ മതപണ്ഡിതനുമായ ഇ.കെ.അബൂബക്കർ മുസല്യാരുടെ ഓർമയ്ക്കായി നടത്താനിരുന്ന സെമിനാറും ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നു മാറ്റിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പോടെ അല്‍പം ഒതുങ്ങിയ പ്രശ്നങ്ങളെല്ലാം വീണ്ടും തലപൊക്കുന്നത് ലീഗ് – സമസ്ത നേതൃത്വങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ തലവേദനയാകും. 

Rift between samasta and iuml

ENGLISH SUMMARY:

Rift between Samasta and IUML